വടക്കന്‍ ജില്ലകളിലേക്കുള്ള യാത്രക്കാര്‍ക്കായി ഒലവക്കോട് സ്‌റ്റേഷനില്‍ നിന്നും കെ എസ് ആര്‍ ടി സിയുടെ പ്രത്യേക സര്‍വീസുകളും ഷൊര്‍ണൂരില്‍ നിന്ന് കണക്ഷന്‍ ട്രെയിനും സര്‍വീസ് നടത്തി.

ബംഗലുരു മജസ്റ്റിക് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പകല്‍ പതിനൊന്നേ കാലിന് പുറപ്പെട്ട ജനസാധാരണ്‍ സ്‌പെഷ്യല്‍ എക്‌സപ്രസ് പാലക്കാടെത്തുമ്പോള്‍ രാത്രി പത്ത് മണി. എങ്ങനെയെങ്കിലും നാട്ടിലെത്തിയല്ലോ എന്ന ആശ്വാസമായിരുന്നു യാത്രക്കാരില്‍ പലര്‍ക്കും. തിരുവനന്തപുരത്തേക്കുള്ള ജനസാധാരണ്‍ എക്‌സ്പ്രസ് പാലക്കാട്ട് നിന്നും ഷൊര്‍ണൂരിലെത്തുമ്പോള്‍ കണ്ണൂരിലേക്ക് കണക്ഷന്‍ ട്രെയിന്‍ തയ്യാറായിരുന്നു. രാത്രി പത്തേമുക്കാലോടെ ഈ ട്രെയിന്‍ ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ടു. ഒലവക്കോട് സ്‌റ്റേഷനില്‍ നിന്ന് കോഴിക്കോട്ടെക്കും കണ്ണൂരിലേക്കും കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസുകള്‍ ഇട്ടിരുന്നു. മുംബൈയില്‍ നിന്നുള്ള ട്രെയിനുകളില്‍ കയറി പാലക്കാട്ടിറങ്ങിയവര്‍ക്ക് കെ എസ് ആര്‍ ടി സിയുടെ പ്രത്യേക സര്‍വീസുകള്‍ ഉപകാരമായി. ബംഗലുരുവില്‍ നിന്നും കണ്ണൂരിലേക്കുള്ള രണ്ടാമത്തെ സ്‌പെഷ്യല്‍ ട്രെയിന്‍ പുലര്‍ച്ചെയാണ് പാലക്കാട്ടെത്തിയത്.