കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ കാണിച്ചിറയിലെ പാടിയില്‍ കണ്ണേട്ടനെ അറിയാത്ത വീട്ടമ്മമാര്‍ ഉണ്ടാവില്ല, നാടന്‍ ചീരകളുടെ കെട്ടുമായി കണ്ണേട്ടന്‍ എത്താത്ത വീടുകളും കുറവായിരിക്കും. സ്വന്തം ഓട്ടോറിക്ഷയില്‍ ഒരുദിവസം നൂറ് വീടുകളില്‍ കണ്ണേട്ടന്‍ വിഷരഹിത ചീര കെട്ടുകള്‍ വിതരണം ചെയ്യുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഓട്ടോയ്‌ക്കൊപ്പം കൃഷിയെയും കൂടെ കൂട്ടിയ കണ്ണേട്ടന്‍ വീടുകളില്‍ നേരിട്ട് ചെന്ന് ചീര വില്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷമേ ആയുള്ളൂ.

ഏഴുപത്തിയഞ്ചു സെന്റ് പാടത്താണ് കണ്ണേട്ടന്റെ ആരും കൊതിക്കുന്ന ചീരകൃഷി. മഴക്കാലത്ത് നെല്‍കൃഷി വിളയിക്കുന്ന പാടത്ത് വേനലില്‍ ചീരയാണ് കൃഷി. പച്ചില വളവും ചാണകവും മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ചീരയ്ക്ക് ഒരു കെട്ടിന് 20രൂപ എന്ന നിരക്കിലാണ് കണ്ണേട്ടന്‍ വില്‍പ്പന നടത്തുന്നത്. ചീര വിളവെടുക്കുന്ന സ്ഥലംതൊട്ടു നീലീഷ്വരം കാഞ്ഞങ്ങാട് നഗരസഭകളിലെ വീടുകളില്‍ ചെന്ന് ചീര വില്‍ക്കുന്ന കണ്ണേട്ടന്‍ നാട്ടു വര്‍ത്തമാനങ്ങളും ക്ഷേമകാര്യങ്ങളും അന്വേഷണവും നടത്തി ഒരാഴ്ശ്ച ഇടവിട്ടുള്ള തന്റെ കച്ചവടത്തിന് ആളെയും പിടിക്കും.

മുന്‍പ് പാടത്തു തന്നെയായിരുന്നു കണ്ണേട്ടന്‍ ചീര കച്ചവടം നടത്തിയിരുന്നത്. എന്നാല്‍ അതിലെ ലാഭം ഇടനിലക്കാര്‍ കൊണ്ടുപോകാന്‍ തുടങ്ങിയതോടെയാണ് തന്റെ കെ.എല്‍.60,3037 നമ്പര്‍ ഓട്ടോറിക്ഷ ചീര വണ്ടിയാക്കിയത്. ആഴ്ചയില്‍ രണ്ടു തവണയാണ് ചീരവിളവെടുക്കുന്നത്. കൃഷി കാര്യത്തില്‍ ഭാര്യ ലക്ഷ്മിയാണ് സഹായി. സെന്‍ട്രല്‍ യൂണിവേസ്‌സിറ്റിയില്‍ ബിരുദാനദര ബിരുദം വിദ്യാര്‍ത്ഥിനികളായ രണ്ടു പെണ്‍ മക്കളും സഹായത്തിന് ഒപ്പമുണ്ട്.