പാപ്പാത്തിച്ചോലയിലെ കുരിശിനെ ചൊല്ലി എല്‍ഡിഎഫില്‍ അടി തീരുന്നില്ല. മൂന്നാറില്‍ മണ്ണുമാന്തി യന്ത്രമടക്കം നിരോധിച്ച് ഒഴിപ്പിക്കലിന് മുഖ്യമന്ത്രി തടയിട്ടപ്പോള്‍ പിന്നോട്ടില്ലെന്നാണ് സിപിഐ വ്യക്തമാക്കുന്നത് . സിപിഐ സെക്രട്ടറിയും റവന്യുമന്ത്രിയുടെ പാര്‍ട്ടി മുഖപത്രവും കുരിശ് പൊളിച്ചതിനെ വിമര്‍ശിച്ച പിണറായിയുടെ നിലപാട് തള്ളി.
പൊളിച്ച മാറ്റിയ കുരിശ് വീണ്ടും സ്ഥാപിച്ചത് സര്‍ക്കാറിനോടുള്ള വെല്ലുവിളിയാണെന്നാണ് കാനം പറയുന്നത്. കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിയിട്ടില്ലെന്ന് റവന്യുമന്ത്രി വിശദീകരിച്ചു
കുരിശ് പോലുള്ള മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ ക്രൈസ്തവ സഭ എതിര്‍ത്തിട്ടും അതിനെ പിന്തുണക്കാന്‍ ശ്രമിക്കുന്നവര്‍ പ്രോത്സാഹിപ്പിക്കുന്നത് അന്ധവിശ്വാസങ്ങളെയാണെന്ന് ജനയുഗം വിമര്‍ശിച്ചു. കയ്യേറ്റക്കാര്‍ക്കായി പ്രതിരോധമുയര്‍ത്തുന്നവരെ ജനം തിരിച്ചറിയുമെന്നും സിപിഐ പത്രം കുറ്റപ്പെടുത്തുന്നു.
പാപ്പാത്തിച്ചോലയില്‍ റവന്യുവകുപ്പ് നടപ്പാക്കിയത് എല്‍ഡിഎഫ് നയമാണെന്ന് സിപിഐ ആവര്‍ത്തിക്കുന്നു. ഇടത് നയം നടപ്പാക്കിയ ഉദ്യോഗസ്ഥരെ പരസ്യമായി തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടുകളില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. തര്‍ക്കവിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായും ചര്‍ച്ച വേണമെന്ന് സിപിഐ ആവശ്യപ്പെടുന്നു.
