Asianet News MalayalamAsianet News Malayalam

'ഭാരതത്തെ തകര്‍ക്കാന്‍ അധോലോക സംഘം'; ആസൂത്രണം ചെയ്യുന്നത് എകെജി സെന്‍ററെന്നും ശ്രീധരന്‍ പിള്ള

ചെന്നെെയില്‍ നിന്ന് എത്തിയ മനിതി സംഘത്തെ ശരണം വിളിയുടെയും ഭഗവാന്‍റെയും ശക്തി കൊണ്ട് ചെറുത്ത് തോല്‍പ്പിക്കാന്‍ സാധിച്ചു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ശബരിമല വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ രംഗത്ത് വന്നു. ബിജെപി ഉള്‍പ്പെടെയുള്ളവര്‍ക്ക് അത് സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ട്

sreedharan pillai against pinarayi vijayan and akg center
Author
Thiruvananthapuram, First Published Dec 24, 2018, 11:43 AM IST

തിരുവനന്തപുരം: ഭാരതത്തെ തകര്‍ക്കാന്‍ ഒരു അധോലോക സംഘം പ്രവര്‍ത്തിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള.  തീവ്രവാദ ശക്തികളുടെ പിന്‍ബലത്തോട് കൂടിയെത്തുന്ന ഒരുപറ്റം ആളുകളാണ് ശബരിമല സന്ദര്‍ശിക്കുന്നതും അവിടെ വിശ്വാസികളാണെന്ന് പറഞ്ഞ് മലയാള മാസം ഒന്നാം തീയതി മുതല്‍ എത്തുന്നതും.

അധോലോകത്തിന്‍റെ സന്തതികളാണ് അവരെന്നും ദര്‍ശനത്തിനെത്തിയ യുവതികളെ ബിജെപി അധ്യക്ഷന്‍ വിശേഷിപ്പിച്ചു. അവര്‍ ആസൂത്രിതമായാണ് പ്രവര്‍ത്തിക്കുന്നത്. ശബരിമലയില്‍ വന്നവരുടെ ചരിത്രമെടുത്താല്‍ അധോലോകത്തിന്‍റെ ആസൂത്രിതമായ ശ്രമം കാണാനാകും.

ആ ശ്രമത്തിന് പിന്തുണ നല്‍കുന്നത് പൊലീസ് സംവിധാനവും ഭരണ സംവിധാനവുമാണ്. എകെജി സെന്‍ററില്‍ ഇതെല്ലാം ആസുത്രണം ചെയ്യുന്ന ശക്തികളുടെയും ഇവരുടെ പങ്കും പകല്‍ പോലെ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് എന്‍ഐഎ, സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ ഈ വിഷയങ്ങള്‍ അന്വേഷിക്കണം.

അതിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന വ്യവസ്ഥയുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ചെന്നെെയില്‍ നിന്ന് എത്തിയ മനിതി സംഘത്തെ ശരണം വിളിയുടെയും ഭഗവാന്‍റെയും ശക്തി കൊണ്ട് ചെറുത്ത് തോല്‍പ്പിക്കാന്‍ സാധിച്ചു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ശബരിമല വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ രംഗത്ത് വന്നു.

ബിജെപി ഉള്‍പ്പെടെയുള്ളവര്‍ക്ക് അത് സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ട്. തമിഴ്നാട്ടില്‍ നിന്ന് അവര്‍ എങ്ങനെ ഇവിടെ എത്തി, ആര് കൊണ്ടു വന്നു, കൊണ്ടു വരാന്‍ ആര്‍ക്കാണ് അവകാശം എന്നിങ്ങനെയുള്ള ചോദ്യങ്ങളും ശ്രീധരന്‍പിള്ള ചോദിച്ചു. കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്‍റെ സെക്രട്ടറിയായിരിക്കുന്ന ഏറ്റവും ഹീനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാളുടെയുമൊക്കെ കെെകള്‍ ഈ കാര്യത്തില്‍ വിശുദ്ധമല്ലെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios