പാലക്കാട്: ചലച്ചിത്രതാരം ശ്രീജിത് രവി പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നീതി ലഭിച്ചില്ലെന്ന് പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ പിതാവ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായില്ലെന്നും കുട്ടികളോട് ശ്രീജിത് രവി ക്ഷമ ചോദിച്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമം ഉണ്ടായെന്നും പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ലക്കിടിയിലെ സ്വകാര്യസ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാറിലെത്തിയ ഒരാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികളുടെ ഫോട്ടോ എടുക്കുകയും ചെയ്തത് ആഗസ്റ്റ് 27നാണ്. അന്ന് തന്നെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ സ്കൂള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കി, പ്രിന്‍സിപ്പാള്‍ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലും.

തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചത്. ശ്രീജിത് രവി കുട്ടികളോട് നേരിട്ട് മാപ്പ് പറയുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന രക്ഷിതാക്കളുടെ ആവശ്യം പൊലീസ് നിരാകരിച്ചെന്ന് മാത്രമല്ല ഭീഷണിപ്പെടുത്തുന്ന സ്ഥിതിയിലേക്ക് എത്തിയെന്നും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നു.
കേസ് കോടതിയിലെത്തിയപ്പോള്‍ പ്രൊസിക്യൂഷന്‍ ഒത്തുകളിച്ചെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. ശ്രീജിത് രവിയെ പെണ്‍കുട്ടികള്‍ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു എന്ന വസ്തുത പോലും പബ്ലിക് പ്രൊസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചില്ല.

ജാമ്യം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടുമില്ല. എല്ലാതരത്തിലും പെണ്‍കുട്ടികള്‍ നീതി നിഷേധിക്കുകയാണ് ഉണ്ടായത്. കേസ് യഥാസയമം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്ന് കാണിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാണിച്ച് പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിക്ക് പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് കുട്ടികളുടെ രക്ഷിതാക്കള്‍.