തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലൂടെ ശ്രദ്ദേയനായ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റി. എംപ്ളോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറേറ്റ് മേധാവിയാക്കി നിയമിച്ചു കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിരിക്കുന്നത്. ശ്രീറാമിനെ മാറ്റില്ലെന്ന് റവന്യൂമന്ത്രി നേരത്തേ പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി തീരുമാനം എടുക്കുകയായിരുന്നെന്നാണ് വിവരം.
മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഭൂമാഫിയയ്ക്കെതിരേയും അനധികൃത കയ്യേറ്റങ്ങള്‍ക്ക് എതിരേയും ശക്തമായ നിലപാട് എടുത്ത ശ്രീറാമിനെ മാറ്റിക്കൊണ്ട് മൂന്നാര്‍ വിഷയത്തില്‍ ഇടഞ്ഞു നിന്ന സിപിഐയ്ക്കാണ് മറുപടി നല്‍കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
വളരെ ചുരുങ്ങിയ കാലമാണ് പ്രവര്‍ത്തിച്ചത് എങ്കിലും ശ്രീറാം ഭൂമാഫിയ്ക്ക് എതിരേ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ശ്രീറാമിനെ മാറ്റാന്‍ സിപിഎം ജില്ലാ നേതൃത്വത്തില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.
സ്ഥാനകയറ്റം നല്‍കിയാണ് ഇപ്പോഴുള്ള സ്ഥാനത്ത് നിന്നും മാറ്റിയത് എന്നാണ് സര്‍ക്കാര്‍ വിഷയം. ഒരേ സ്ഥാനത്ത് നാലുകൊല്ലം തുടര്‍ന്നതാണ് മാറ്റത്തിന് കാരണമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
