തിരുവനന്തപുരം: ഒക്ടോബര്‍ 11 നാണ് കേസിന് ആസ്പദമായ സംഭവം. ഹെഡ് നഴ്‌സ് വസന്തക്കെതിരെ പരാതി നല്‍കിയത് മോളി എന്ന സ്‌ററാഫ് നഴ്‌സാണ്. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലിരിക്കെ, നഴ്‌സിങ് സൂപ്രണ്ടിന്റെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയ ശേഷം അവിടെ എത്തിയ വസന്ത, മോളി സംസാരിക്കുന്നത് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്‌തെന്നും അതിനുശേഷം തോളത്ത് തല്ലുകയും കോട്ടിന്റെ കോളറില്‍ പിടിച്ച് വലിക്കുകയും ചെയ്‌തെന്നാണ് പരാതി.
പഠനാവശ്യത്തിനായി മോളി കുറച്ചുനാളുകളായി രാത്രി ഡ്യൂട്ടി എടുക്കുന്നുണ്ടായിരുന്നില്ല . ഇത് അംഗീകരിക്കാനാകില്ല എന്ന് പറഞ്ഞാണ് പ്രശ്‌നം ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിനുശേഷം മോളിയും വസന്തയും ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കി. മോളി മെഡിക്കല്‍ കോളജ് പൊലീസിനും പരാതി കൈമാറി. ദളിത് പീഡന നിരോധന നിയമം വരുന്നതിനാല്‍, ആര്‍.എം.ഒയും ലേ സെക്രട്ടറിയും അടങ്ങുന്ന സംഘം പരാതി മെഡിക്കല്‍ കോളജ് പൊലീസിന് കൈമാറി.
ദളിത് പീഡന നിരോധന നിയമം ചുമത്തി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ കഴിഞ്ഞ ദിവസം കേസെടുത്തു. അതേസമയം ഒരു മാസം കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് മോളിയുടെ ആക്ഷേപം. അന്വേഷണം വൈകിയിട്ടില്ലെന്ന് കഴക്കൂട്ടം അസി.കമ്മിഷണര്‍ പ്രതികരിച്ചു. അതേസമയം മോളിയുടെ പരാതിയില്‍ കഴമ്പില്ലെന്നും മുമ്പും മോളി പലര്‍ക്കെതിരേയും ഈ നിയമ പ്രകാരം കേസ് നല്‍കിയിട്ടുണ്ടെന്നും ഹെഡ് നഴ്‌സ് വസന്ത പ്രതികരിച്ചു.
