'ഏതാനും ചില പ്രതിപക്ഷ കക്ഷികൾക്ക് കോൺഗ്രസുമായി ചില അസ്വാരസ്യങ്ങൾ ഉണ്ട്. ആ പ്രശ്നങ്ങൾ പരിഹരിക്കുകയാണെങ്കിൽ രാഹുലിനെ എല്ലാ കക്ഷികളും പിന്താങ്ങും'-സ്റ്റാലിൻ പറഞ്ഞു.
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രഖ്യാപിച്ച തീരുമാനത്തിൽ ഉറച്ച് ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. തന്റെ നിർദ്ദേശത്തെ ഒരു കക്ഷികളും ഇതുവരെയും എതിർത്തിട്ടില്ലെന്നും ബി ജെ പിയുടെ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ സാധിക്കൂവെന്നും സ്റ്റാലിൻ പറഞ്ഞു. രാഹുലിനെ അല്ലാതെ മറ്റാരെയാണ് പ്രധാനമന്ത്രി ആക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
'ഏതാനും ചില പ്രതിപക്ഷ കക്ഷികൾക്ക് കോൺഗ്രസുമായി ചില അസ്വാരസ്യങ്ങൾ ഉണ്ട്. ആ പ്രശ്നങ്ങൾ പരിഹരിക്കുകയാണെങ്കിൽ രാഹുലിനെ എല്ലാ കക്ഷികളും പിന്താങ്ങും'-സ്റ്റാലിൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി സാഡിസ്റ്റാണെന്ന തന്റെ അഭിപ്രായത്തിൽ മാറ്റമില്ലെന്നും അത് പക്ഷേ മോദിയെന്ന വ്യക്തിയെ അല്ല മറിച്ച് പ്രാധാനമന്ത്രിയായ മോദിയെ പറ്റിയുള്ള അഭിപ്രായമാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായിരുന്ന കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയിലാണ് സ്റ്റാലിൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. രാഹുലിന്‍റെ കരങ്ങൾക്ക് ശക്തി പകരണമെന്നും അതിനായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും ഒപ്പമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളോടും ചടങ്ങിൽ അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.
മോദി സർക്കാർ രാജ്യത്തെ പിന്നോട്ടടിക്കുയാണ്. മോദിക്കെതിരെ ഏവരും ഒറ്റക്കെട്ടായി നിൽക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യകതയായി. ഗജ ചുഴലിക്കാറ്റിൽ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടിട്ടും രാജ്യത്തിന്‍റെ പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തിയില്ല. അമേരിക്കയും ഫ്രാൻസും കറങ്ങി നടക്കുന്ന മോദിക്ക് സാധാരണ ആളുകളെ കാണാൻ സമയമില്ലെന്നും സ്റ്റാലിൻ ആരോപിച്ചു.
