സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കൾ നടത്തുന്ന ചർച്ചക്ക് ശേഷമാകും തീരുമാനമെന്ന്  ബിജെപി ജനറൽ സെക്രട്ടറി എച്ച്. രാജ രാവിലെ പറഞ്ഞിരുന്നു.

കൊച്ചി: സംസ്ഥാന ബിജെപി ഘടകത്തില്‍ ഭിന്നത രൂക്ഷം. സംസ്ഥാന അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ബിജെപിയില്‍ ഉണ്ടായിരുന്ന ഭിന്നത മറനീക്കി പുറത്ത് വന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഇന്ന് രാവിലെ പത്ത് മണി മുതല്‍ അദ്ധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര നേതാക്കള്‍ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. വൈകീട്ടും തീരുമാനമാകാതെ ചർച്ച പിരിയുകയായിരുന്നു. യോഗത്തിൽ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, നവീൻ കട്ടീൽ എം.പി എന്നിവർ സംസ്ഥാന നേതാക്കളുമായി ഒറ്റയ്ക്കൊറ്റയ്ക്കും ഒരുമിച്ചും ചർച്ച നടത്തി. എന്നാല്‍ അന്തിമ തീരുമാനമുണ്ടാക്കാനായില്ല. തങ്ങളുടെ നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും തയ്യാറാക്കാത്തതാണ് അദ്ധ്യക്ഷ തെരഞ്ഞെപ്പ് സങ്കീർണ്ണമാക്കുന്നത്. 

സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കൾ നടത്തുന്ന ചർച്ചക്ക് ശേഷമാകും തീരുമാനമെന്ന് ബിജെപി ജനറൽ സെക്രട്ടറി എച്ച്. രാജ രാവിലെ പറഞ്ഞിരുന്നു. അപ്രതീക്ഷിതമായി കുമ്മനം രാജശേഖരൻ സ്ഥാനമൊഴിഞ്ഞ ശേഷം പുതിയ അധ്യക്ഷന് വേണ്ടി സംസ്ഥാന തലത്തിൽ ചർച്ചകൾ സജീവമായിരുന്നു. കെ സുരേന്ദ്രന്‍റെ പേരാണ് വി മുരളീധരൻ വിഭാഗം മുന്നോട്ട് വെച്ചത്. എം.ടി രമേശിന്‍റെയും, എ.എൻ. രാധാകൃഷ്ണന്‍റെയും പേരുകൾ പി.കെ കൃഷ്ണദാസ് പക്ഷവും ഉയർത്തിയിരുന്നു. 

കോർ കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന ഭാരവാഹികൾ,പോഷക സംഘടന പ്രസിഡന്‍റുമാർ,ജില്ലാ അധ്യക്ഷൻമാർ എന്നിവരെയും കേന്ദ്ര നേതാക്കൾ കാണുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നേതാക്കൾ മുന്നോട്ട് വയ്ക്കുന്ന പേരുകളോട് ആർഎസ്എസ് നിലപാടാകും നിർണ്ണായകമാവുക. സംസ്ഥാന അദ്ധ്യക്ഷനെ തീരുമാനിക്കുന്നതിൽ സംസ്ഥാന നേതാക്കളുടെ അഭിപ്രായം പ്രധാന ഘടകമായിരിക്കുമെങ്കിലും അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്‍റെതാണെന്ന് ബിജെപി ജനറൽ സെക്രട്ടറി എച്ച് രാജ നേരത്തെ പറഞ്ഞിരുന്നു. ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാക്കൾ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തിയേക്കുമെന്ന സൂചനകൾ നേരത്തെ ശക്തമായിരുന്നു. നിലവിൽ ഇരു വിഭാഗവും മുന്നോട്ട് വയ്ക്കുന്ന പേരുകളോട് ആർഎസ്എസ് വിയോജിപ്പ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. സംസ്ഥാന അദ്ധ്യക്ഷന്‍ ആരെന്ന പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് രാവിലെ തന്നെ സൂചനകളുണ്ടായിരുന്നു.