അഹമ്മദാബാദ്: സ്വന്തം മകളുടെ ഭാവിക്ക് തടസമാകുമെന്ന് കരുതി ആറ് വയസുകാരനെ രണ്ടാനമ്മ കൊലപ്പെടുത്തി. സ്വത്തുക്കള്‍ ഭര്‍ത്താവ് ആറ് വയസുകാരന്റെ പേരില്‍ എഴുതി വയ്ക്കുമെന്ന ഭയമാണ് ഇവരെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ബാലനെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്ടിക്കുള്ളിലാക്കി കോണിപ്പടിക്കടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഗുജറാത്തിലെ കൃഷ്ണനഗറിലായിരുന്നു സംഭവം.

ശാന്തിലാല്‍ എന്നയാളുടെ രണ്ടാം ഭാര്യ ജീനല്‍ ബെന്‍ പര്‍മാറാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ശാന്തിലാലിന്റെ ആദ്യ ഭാര്യ രണ്ട് വര്‍ഷം മുന്‍പ് മരിച്ചതിനെ തുടര്‍ന്നാണ് ജീനലിനെ ഇയാള്‍ വിവാഹം കഴിക്കുന്നത്. ആദ്യ വിവാഹത്തിലുള്ളതാണ് ധ്രുവ് എന്ന ആറ് വയസുകാരന്‍. കൊലപാതകത്തിന് ശേഷം വീടിന് പുറത്തിറങ്ങി കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബഹളം വച്ച് അയല്‍വാസികളെ കൂട്ടി. 

തുടര്‍ന്ന് വിവരം അറിഞ്ഞ ശാന്തിലാല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ കൊന്ന് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ കുഞ്ഞിന് ഭര്‍ത്താവിന്റെ സ്വത്തുക്കളില്‍ അവകാശം നഷ്ടപ്പെടുമെന്ന ഭയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ജീനല്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ജീനലിനെ റിമാന്‍ഡ് ചെയ്തു