സ്ത്രീശക്തി പുരസ്‌കാരം ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാര പ്രഖ്യാപന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പുരോഗമിക്കുന്നു. സൂര്യകൃഷ്ണമൂര്‍ത്തി ഒരുക്കുന്ന നൃത്ത, സംഗീത, കാവ്യവിസ്‍മയമാണ് ചടങ്ങിനെ വര്‍ണാഭമാക്കുന്നത്. ചരിത്രത്തില്‍ ഇടം നേടിയ സ്ത്രീരത്‌നങ്ങളെ മലയാളികള്‍ക്ക് മുന്നില്‍ മികവോടെ അവതരിപ്പിക്കുകയാണ് ഇവിടെ. ഉണ്ണിയാര്‍ച്ച, ഉമയമ്മ റാണി, ഇശക്കി ചാന്നാട്ടി, അറയ്ക്കല്‍ ബീവി, ഇന്ദു ലേഖ തുടങ്ങി ചരിത്ര വനിതകള്‍ മുതല്‍ വര്‍ത്തമാന കാലത്തെ ഏറെ സ്വാധീനിച്ച സ്ത്രീ രത്‌നങ്ങള്‍ വരെ നാളെ വേദിയിലെത്തും.

മേതില്‍ ദേവിക, പത്മപ്രിയ, ലക്ഷ്മി ഗോപാലസ്വാമി, ആശാ ശരത്, നവ്യാനായര്‍, ദിവ്യാ ഉണ്ണി, ജേമോള്‍, രചന നാരായണന്‍കുട്ടി തുടങ്ങി പ്രമുഖരാണ് ഇവരെ അവതരിപ്പിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ഒരുങ്ങുന്ന ഷോ മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കും .

മേതില്‍ ദേവിക, ദിവ്യാ ഉണ്ണി, ജോമോള്‍, രചനാ നാരായണന്‍കുട്ടി തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ ഭാഗം മികവാര്‍ന്നതാക്കാന്‍ രാവിലെ മുതല്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കഠിന പരിശീലനത്തിലാണ്. വിവിധ കോളേജുകളില്‍ നിന്നുള്ള കലാകാരികളും ഇവര്‍ക്കൊപ്പം ചുവടുവയ്ക്കുന്നുണ്ട്. ഓരോ സംഘാംഗത്തിന്റെയും ചെറുചലനം പോലും നിരീക്ഷിച്ച് , തെറ്റുകള്‍ തിരുത്തിയും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയും സൂര്യകൃഷ്ണമൂര്‍ത്തി തിരക്കിലാണ്. പതിനൊന്നുമണിയോടെ വേദിയിലെത്തിയ നവ്യാനായരും താന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായിക്കഴിഞ്ഞു.

തിരക്കിനിടയിലും സ്ത്രീ ശക്തിപുരസ്‌കാരത്തെക്കുറിച്ചും തങ്ങളുടെ ഉള്ളിലെ സ്ത്രീ സങ്കല്‍പ്പങ്ങളെക്കുറിച്ചും താരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലോട് സംസാരിച്ചു. സ്വന്തം ശക്തിതിരിച്ചറിയലാണ് ഏറ്റവും വലിയ സ്ത്രീ മുന്നേറ്റമെന്നായിരുന്നു മേതില്‍ ദേവികയുടെ അഭിപ്രായം. അരുടെയെങ്കിലും മുന്നിലോ പിന്നിലോ എത്തുകയല്ല, ജന്മനാലുള്ള ശക്തിയുടെ തിരിച്ചറിയലാണത്. പെണ്ണായി പിറന്നതിലുള്ള അഭിമാനമാണ് ദിവ്യ ഉണ്ണി പങ്കുവച്ചത്.

മകളെന്ന നിലയിലും അമ്മയെന്ന നിലയിലും കലാകാരിയെന്ന നിലയിലും അധ്യാപികയെന്ന നിലയിലും എല്ലായിപര്‌പോഴും മികച്ച പരിഗണന കിട്ടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ലോകത്തിലെ എല്ലാ അമ്മമാരും തന്നെ സ്വാധീനിക്കുന്നുവെന്നാണ് ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച സ്ത്രീയാരെന്ന ചോദ്യത്തിന് ജോമോള്‍ നല്‍കിയ മറുപടി. ഓരോ അമ്മയില്‍ നിന്നും ഓരോ കാര്യങ്ങള്‍ പഠിക്കാനുണ്ട്്. ഓരോ അമ്മമാരില്‍ നിന്നും വിലപ്പെട്ട വിവരങ്ങള്‍ പഠിക്കാന്‍ തനിക്ക് കഴിയുന്നുണ്ടെന്നും ജോമോള്‍ കൂട്ടിച്ചേര്‍ത്തു. 

ഇനിയുള്ള ജന്മത്തിലും സ്ത്രീയായി തന്നെ പിറക്കണമെന്ന് പറഞ്ഞാണ് ജമോള്‍ അവസാനിപ്പിച്ചത്. എന്നാല്‍ ഇനിയുള്ള ജന്മത്തില്‍ ആണായി പിറക്കണമെന്നതായിരുന്നു നവ്യാനായരുടെ ആഗ്രഹം. അങ്ങനെ സ്ത്രീയുടെ കരുത്തും ഒപ്പം ആശങ്കകളും ഒരുപോലെ ചര്‍ച്ച ചെയ്യപ്പെടുന്ന വേദിയായി മാറുകയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാരവേദി.