കാസര്‍കോട്: ദേശീയ പാതയില്‍ കൂടി രാത്രിയിലും പുലര്‍ച്ചെയും പോകുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുന്ന സംഘം പോലീസ് പിടിയിലായി. കാസര്‍കോട് ബന്ദിയോട് കോളനിയിലെ ധീരജ്(24), മധു(20), കൃഷ്ണന്‍(20) , എന്നിവരെയാണ് കുമ്പള എസ്‌ഐ പി.വി.ശിവദാസനും സംഘവും പിടികൂടിയത്.

വേഗത്തിലോടുന്ന വാഹനങ്ങള്‍ക്ക് നേരെ തക്കം പാര്‍ത്തിരുന്നു കല്ലെറിയുന്നത് ഹോബിയാക്കി വരുന്ന സംഘത്തില്‍പ്പെട്ടവരാണിവര്‍. വര്‍ഷങ്ങളായി ദേശീയ പാതയിലെ കുമ്പള മുതല്‍ തലപ്പാടി വരെയുള്ള ഭാഗങ്ങളില്‍ ഇരുട്ടില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് പതിവാണ്. ഇതേതുടര്‍ന്ന് പോലീസും നാട്ടുകാരും കല്ലെറിയുന്നവരെ കണ്ടെത്താന്‍ ശ്രമം നടത്തി വരുന്നതിനിടെയാണ് മൂവര്‍ സംഘം പിടിയിലായത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ കോഴിക്കോട്ടേയ്ക്ക് പാര്‍സലുമായി പോവുകയായിരുന്ന ലോറിക്ക് നേരെ ബന്ദിയോട് വെച്ചാണ് കല്ലേറ് കിട്ടിയത്. മുന്‍ചില്ലുകള്‍ തകര്‍ന്ന് റോഡില്‍ കിടന്ന ലോറിയെ ആ സമയം പട്രോളിങ്ങ് നടത്തു കയായിരുന്ന കുമ്പള പൊലീസാണ് റോഡില്‍ നിന്നും മാറ്റാന്‍ സഹായിച്ചത്. ലോറി ഡ്രൈവര്‍ പറഞ്ഞതനുസരിച്ച് കല്ലെറിഞ്ഞവരെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തവേ പ്രതികള്‍ പൊലീസിന് മുന്നില്‍പ്പെടുകയായിരുന്നു.