തൃശൂര്‍: തൃശൂര്‍ മാളയില്‍ കോഴിഫാമില്‍ തെരുവ് നായ്‌ക്കളുടെ ആക്രണം. 1200 ലധികം കോഴിക്കുഞ്ഞുങ്ങളെ തെരുവുനായകള്‍ കൊന്നു. മാളയ്‌ക്കടുത്ത് തുമ്പശേരി പുതുക്കാടന്‍ മുകുന്ദന്റെ കോഴി ഫാമിലാണ് തെരുവ് നായകളുടെ ആക്രമണമുണ്ടായത്. ഷെഡിന്റെ വലതകര്‍ത്ത് അകത്തുകടന്ന ആറ് തെരുവ് നായ്‌ക്കള്‍ കോഴിക്കുഞ്ഞുങ്ങളെ കടിച്ചു കൊല്ലുകയായിരുന്നു.
മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങളുണ്ടായിരുന്ന ഫാമിലെ ആയിരത്തി ഇരുനൂറ് കോഴിക്കുഞ്ഞുങ്ങളാണ് നായകളുടെ ആക്രമണത്തില്‍ ചത്തത്. ശബ്ദം കേട്ട് വീട്ടുകാരെത്തിയെങ്കിലും നായകള്‍ ആക്രമിക്കാന്‍ മുതിര്‍ന്നതോടെ പിന്‍വാങ്ങി. നായകള്‍ പോയശേഷം നടത്തിയ പരിശോധനയിലാണ് ആയിരത്തി ഇരുനൂറ് കോഴിക്കുഞ്ഞുങ്ങള്‍ ചത്തതായി കണ്ടെത്തിയത്. കൂട്ടിലുണ്ടായിരുന്ന നിരവധി കോഴിഞ്ഞുഞ്ഞുങ്ങള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ബാങ്ക് വായ്പയെടുത്ത് രണ്ട് വര്‍ഷം മുമ്പാണ് മുകുന്ദന്‍ കോഴി ഫാം തുടങ്ങിയത്. വായ്പയുടെ പകുതിയിലേറെ ഇനി തിരിച്ചടയ്‌ക്കാനുമുണ്ട്. അതിനിടയിലാണ് നായകളുടെ ആക്രമണം.
