പാലക്കാട് തൃത്താലയിലും തച്ചമ്പാറയിലും തെരുവുനായ ആക്രമണം. തൃത്താല കപ്പൂരിൽ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.
പാലക്കാട്: പാലക്കാട് തൃത്താലയിലും തച്ചമ്പാറയിലും തെരുവുനായ ആക്രമണം. തൃത്താല കപ്പൂരിൽ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വേഴൂർകുന്ന് സ്വദേശി കുഞ്ഞനൻ (66), എറവക്കാട് തൃക്കണ്ടിയൂർപടി ബൈജു (38) എന്നിവർക്കാണ് കടിയേറ്റത്. സാരമായി പരിക്കേറ്റ കുഞ്ഞൻ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വീടിന് സമീപത്ത് നിന്നും കുഞ്ഞന് കാലിനാണ് കടിയേറ്റത്. ഓട്ടോ ഡ്രൈവറായ ബൈജുവിന് കൊഴിക്കര-എറവക്കാട് പരിസരത്തു നിന്നാണ് കടിയേറ്റത്. ഇതേ മേഖലയിൽ രണ്ടാഴ്ച മുമ്പ് നാലു പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. മണ്ണാർക്കാട് തച്ചമ്പാറയിൽ അമ്പലപ്പടി സ്വദേശി ശങ്കരനാരായണനാണ് കടിയേറ്റത്. മുതുകുറുശ്ശി സ്കൂളിന് സമീപം വൈകീട്ടായിരുന്നു സംഭവം. നടന്നു പോകുന്നതിനിടെ പിറകെവന്ന നായ കാലിന് കടിക്കുകയായിരുന്നു.



