നാദാപുരത്ത് തെരുവ് നായ്ക്കളുടെ ആക്രമണം വീണ്ടും തുടരുന്നു. വാണിമേൽ, ഉമ്മത്തൂർ എന്നിവിടങ്ങളിൽ നിരവധി പേർക്കാണ് കടിയേറ്റത്.
നാദാപുരം: കോഴിക്കോട് വാണിമേൽ, ഉമ്മത്തൂർ എന്നീ പ്രദേശങ്ങളിൽ വീണ്ടും തെരുവ് നായ ആക്രമണം. ഈ രണ്ട് പ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിലായി നിരവധി പേർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ വാണിമേൽ സ്വദേശിയായ വിജയനാണ് അവസാനമായി നായയുടെ ആക്രമണത്തിന് ഇരയായത്. ഇതേ ദിവസം രാവിലെ 7 മണിക്കും 8 മണിക്കും ഇടയിൽ കെഎസ്ഇബി ലൈൻമാൻ ഉൾപ്പെടെ അഞ്ച് പേർക്ക് കടിയേറ്റിരുന്നു.
വാണിമേൽ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡിൽ വെച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവർ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് ഇവർക്ക് നായയുടെ കടിയേറ്റത്. കെഎസ്ഇബി ലൈൻമാൻ ജിഷോൺ കുമാർ (47), രാജൻ (59), കുളിക്കുന്നിൽ വയലിൽ രാജൻ (53), കണാരൻ (65), മുഹമ്മദ് (21) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉമ്മത്തൂർ പാറക്കടവ് കടവത്തൂർ റോഡിൽ വെച്ച് വിദ്യാർത്ഥിയുടെ പിന്നാലെയും തെരുവ് നായ ഓടിയിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഈ ആക്രമണങ്ങൾ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.


