തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയില്‍ വൃദ്ധയെ തെരുവ് നായക്കൂട്ടം കടിച്ചുകൊന്നു. ചെമ്പകരാമന്‍ തുറയിലെ ഷിലുവമ്മ എന്ന വീട്ടമ്മയെയാണ് നായ്കൂട്ടം കടിച്ചുകീറി കൊലപ്പെടുത്തിയത്. കൈ കാലുകള്‍ കടിച്ചു തിന്ന നിലയിലാണ് കടപ്പുറത്തു നിന്നും ഷിലുവമ്മയെ മകന്‍ കണ്ടെത്തുന്നത്.

ഇന്നലെ സന്ധ്യയോടെ വീടിന് പുറത്തിറങ്ങി കടപ്പുറത്തേക്ക് പോയ അമ്മയെ കാണാതായതിനെ തുടര്‍ന്നായിരുന്നു സെല്‍വരാജ് അന്വേഷണം തുടങ്ങിയത്. ദൂരെ കടപ്പുറത്ത് നായകൂട്ടം എന്തോ കടിച്ചു വലിക്കുന്നത് കണ്ടതോടെ സെല്‍വരാജ് അടുത്തുപോയി നോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ അമ്മയെ കണ്ടത്. അല്‍പം ജീവനുണ്ടായ ഷിലുവമ്മയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചങ്കിലും മരിച്ചിരുന്നു.

അമ്പതോളം വരുന്ന നായകൂട്ടമാണ് വീട്ടമ്മയെ ആക്രമിച്ചത്. നായക്കളുടെ ആക്രമണം ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ ഡെയ്‌സി എന്ന വീട്ടമ്മയെയും തെരുവ് നായക്കള്‍ കൂട്ടമായി എത്തി കടിച്ചുകീറിയിട്ടുണ്ട്. ഗുരുതരമായ പരുക്കുകളോടെ ഡെയ്‌സിയെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.