തീരപ്രദേശങ്ങളില്‍ ജാഗ്രത തുടരുന്നു തിരമാലകളുടെ ശക്തി കുറഞ്ഞു തൃശൂരില്‍ കാണാതായ യുവതിയുടെ മ‍‍‍ൃതദേഹം കിട്ടി കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കടല്‍ക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ജാഗ്രത തുടരുന്നു. തിരമാലകളുടെ ശക്തി ഇന്ന് കുറഞ്ഞത് ആശ്വാസമായി. തൃശൂര്‍ മുനക്കല്‍ ബീച്ചില്‍ ഇന്നലെ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.

തീരങ്ങളില്‍ ആശങ്ക ഒഴിയുന്നില്ല. രണ്ട് ദിവസമായി ആഞ്ഞടിച്ച കൂറ്റന്‍ തിരമാലകളില്‍ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ഞായറാഴ്ച രാത്രി മുഴുവന്‍ ജനങ്ങളെ ആശങ്കയിലാക്കി തിരമാലകള്‍ ഭീകര രൂപം പൂണ്ട് വീശിയടിച്ചു. ഇന്ന് രാവിലെയോടെ തിരമാലകളുടെ ശക്തി കുറഞ്ഞെങ്കിലും തീരത്ത് ജാഗ്രത തുടരുകയാണ്. ഇന്ന് അര്‍ദ്ധരാത്രി വരെ വലിയ തിരമാലകള്‍ അടിക്കാന‍് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കൊല്ലത്ത് തീരദേശങ്ങളിലെ റോഡുകള്‍ പലതും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത നിര്‍ദേശവും തുടരുന്നു . വിനോദസഞ്ചാരികള്‍ കടല്‍ക്കാഴ്ച കാണാന്‍ പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്ന് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൃശൂരില്‍ ബീച്ച് ഫെസ്റ്റിനെത്തി കാണാതായ മാള സ്വദേശി അശ്വിനിയുടെ മൃതദേഹം രാവിലെ കണ്ടെത്തി. പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. തിരയില്‍പ്പെട്ട മറ്റ് മൂന്ന് പേരെ രക്ഷപെടുത്തിയിരുന്നു. അതേസമയം കടല്‍ഭിത്തി നിര്‍മാണത്തില്‍ വീഴ്ച വരുത്തിയായതാണ് കടല്‍ക്ഷോഭം രൂക്ഷമാകന്‍ കാരണമെന്നാണ് നാട്ടുകാരുടെ പരാതി