Asianet News MalayalamAsianet News Malayalam

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സദാചാര നടപടി; റജിസ്ട്രാര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥി

student fb post against calicut university registrars moral policing
Author
First Published Dec 9, 2017, 10:28 PM IST

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിന്റെ വരാന്തയിലിരുന്ന വിദ്യാര്‍ത്ഥികളെ റജിസ്ട്രാര്‍ ഇറക്കിവിട്ടുവെന്ന് പരാതി. സെനറ്റ് ഹാള്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന എംഎഡ് വിദ്യാര്‍ത്ഥിയായ ഷിബിന്‍ കുമാറിനോടും പെണ്‍ സുഹൃത്തിനോടുമാണ് വരാന്തയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ റജിസ്ട്രാര്‍ ആവശ്യപ്പെട്ടത്. റെജിസ്ട്രാറിന്റെ നടപടിയില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. തനിയ്ക്കും സുഹൃത്തിനും അപമാനം നേരിട്ടുവെന്നാരോപിച്ച് ഷിബിന്‍ കുമാര്‍ ഫേസ്ബുക്കില്‍ നല്‍കിയ കുറിപ്പ് മറ്റ് വിദ്യാര്‍ത്ഥികളും ഏറ്റെടുക്കുകയായിരുന്നു. 

നീയേതാണെന്ന് ചോദിച്ച് റജിസ്ട്രാര്‍ തങ്ങളുടെ അടുത്തെത്തിയെന്നും തികച്ചും അപരിചതമായ രീതിയില്‍ പെരുമാറിയെന്നും ഷിബിന്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് മറ്റ് വിദ്യാര്‍ത്ഥികളും ഇരുവര്‍ക്കും പിന്തുണയുമായെത്തിയത്. ഒരു ആണും പെണ്ണും ഒരുമിച്ചിരുന്നതിനാലാണ് സര്‍ തങ്ങളോട് അപമര്യാദയായി പെരുമാറിയതെന്നും കപട സദാചാരവാദിയായി ഒരു നിമിഷത്തേക്ക് അദ്ദേഹം മാറുകയായിരുന്നുവെന്നും ഷിബിന്‍ കുറിച്ചു. 

'' ഞങ്ങള്‍ രണ്ടു പേരും ബൈക്കില്‍ ലേഡീസ് ഹോസ്റ്റലിലേക്കു പോവാനൊരുങ്ങി. ഞങ്ങളുടെ പിന്നില്‍ രജിസ്ട്രാര്‍ ഏമാന്റെ കാറും ആ സമയത്ത് വരുന്നുണ്ടായിരുന്നു. ഞാന്‍ ബൈക്ക് തിരിച്ചു സെനറ്റ് ഹാളിന്റെ മുന്നില്‍ പോയി വീണ്ടും തിരിച്ചു വന്നു. അങ്ങനെ ഞങ്ങള്‍ രജിസ്ട്രാറുടെ കാറിന്റെ പിറകിലെത്തി അപ്പോള്‍ അദ്ദേഹം കാര്‍ നിര്‍ത്തി ഫിറ്റ്‌നെസ് സെന്ററിന്റെ മുമ്പിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനോട് എന്തോ പറഞ്ഞു. എന്നിട്ട് അദ്ദേഹം മാധവാ ഒബ്‌സര്‍വേറ്ററിയുടെ മുന്നിലേക്ക് നീങ്ങി ആ സമയത്ത് സെക്യൂരിറ്റി ജീവനക്കാരന്‍ (ബാബുരാജ് എകെ) ഞങ്ങളുടെ ബൈക്ക് തടഞ്ഞു. കുറച്ചു മുമ്പ് രജിസ്ട്രാര്‍ ചോദിച്ച അതേ ചോദ്യം സെക്യൂരിറ്റി ജീവനക്കാരനും ചോദിച്ചു നീയേതാണെന്ന് ...'' ഷിബിന്‍ പറയുന്നു.

തുടര്‍ന്ന് തിരിച്ചെത്തിയ റജിസ്ട്രാറുടെ കാറിന് മുന്നില്‍ നിര്‍ത്തി താന്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണെന്നും പുറത്തുനിന്നുള്ള ആളല്ലെന്നും വ്യക്തമാക്കി. എന്നാല്‍ വിദ്യാര്‍ത്ഥിയായതുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്നും പുറത്തുനിന്നായിരുന്നെങ്കില്‍ പെരുമാറ്റം മറിച്ചാകുമായിരുന്നുവെന്നുമായിരുന്നു മറുപടി എന്നും ഷിബിന്‍ വ്യക്തമാക്കുന്നു.

അതേസമയം സംഭവത്തില്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരും മറ്റ് ജീവനക്കാരും മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 12 ന് യുണിവേഴ്‌സിറ്റി ക്യാമ്പസില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കാനിരിക്കുയാണ് വിദ്യാര്‍ത്ഥികള്‍. വൈകീട്ട് 5 മണിയോടെ സ്റ്റുഡന്റ് ട്രാപ്പിലാണ് 'കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസും സദാചാര പൊലീസും' എന്ന വിഷയത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നത്.
 

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം 

എനിക്കുണ്ടായ അനുഭവം

ഇന്ന് രാവിലെ 11:45 ന് ഞാനും എന്റെ സുഹൃത്തും (സുഹൃത്തെന്നാൽ #പെൺസുഹൃത്ത്) സർവകലാശാല #സെനറ്റ്_ഹാളിന്റെ #വരാന്തയിൽ #ഇരിക്കുകയായിരുന്നു. ആ സമയത്ത് #സർവകലാശാല_രജിസ്ട്രാർ കാറുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു (കാറോടിച്ചത് ഡ്രൈവറാണ്). ശേഷം തികച്ചും അധികാര ധാർഷ്ട്യത്തോടെ അദ്ദേഹം എന്നോട് ചോദിക്കുകയുണ്ടായി #നീയേതാണെന്ന്? ഞാനദ്ദേഹത്തോട് ഞാൻ പറഞ്ഞു #ഞാനിവിടത്തെ #വിദ്യാർത്ഥിയാണെന്ന് തികച്ചും ദേഷ്യത്തോടെ അദ്ദേഹം പറഞ്ഞു #ഇവിടെന്നിറങ്ങി_പോണം_രണ്ടും എന്ന് അപ്പോൾ അദ്ദേഹത്തോട് ഞാൻ ചോദിച്ചു "അതെന്തണ് സാറേ സർവകലാശാലയിലെ വിദ്യാർത്ഥികളായ ഞങ്ങൾക്ക് സർവകലാശാലയുടെ സെനറ്റ് ഹാളിന്റെ വരാന്തയിൽ ഇരുന്നു കൂടേയെന്ന്" വീണ്ടും അദ്ദേഹം അരുളുകയുണ്ടായി സെനറ്റ് ഹാളിന്റെ വരാന്തയിൽ നിന്നും ഇറങ്ങി പോണം രണ്ടുമെന്ന്. ഒരു കപട സദാചാര പോലീസ് അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നും പുറത്തു ചാടുന്നത് ഞങ്ങൾക്ക് രണ്ടു പേർക്കും കാണാമായിരുന്നു. സീൻ വഷളാക്കണ്ടെന്നു കരുതിയാവണം എന്റെ സുഹൃത്ത് നമുക്ക് ഇവിടെ നിന്ന് പോകാമെന്ന് പറഞ്ഞു. ഞങ്ങൾ രണ്ടു പേരും ബൈക്കിൽ ലേഡീസ് ഹോസ്റ്റലിലേക്കു പോവാനൊരുങ്ങി ഞങ്ങളുടെ പിന്നിൽ രജിസ്ട്രാർ ഏമാന്റെ കാറും ആ സമയത്ത് വരുന്നുണ്ടായിരുന്നു. ഞാൻ ബൈക്ക് തിരിച്ചു സെനറ്റ് ഹാളിന്റെ മുന്നിൽ പോയി വീണ്ടും തിരിച്ചു വന്നു അങ്ങനെ ഞങ്ങൾ രജിസ്ട്രാറുടെ കാറിന്റെ പിറകിലെത്തി അപ്പോൾ അദ്ദേഹം കാർ നിർത്തി ഫിറ്റ്നെസ് സെന്ററിന്റെ മുമ്പിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനോട് എന്തോ പറഞ്ഞു. എന്നിട്ട് അദ്ദേഹം മാധവാ ഒബ്സർവേറ്ററിയുടെ മുന്നിലേക്ക് നീങ്ങി ആ സമയത്ത് സെക്യൂരിറ്റി ജീവനക്കാരൻ (ബാബുരാജ് എകെ) ഞങ്ങളുടെ ബൈക്ക് തടഞ്ഞു. കുറച്ചു മുമ്പ് രജിസ്ട്രാർ ചോദിച്ച അതേ ചോദ്യം സെക്യൂരിറ്റി ജീവനക്കാരനും ചോദിച്ചു #നീയേതാണെന്ന്? ഉത്തരം വീണ്ടും ഞാൻ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരന് കാര്യം മനസ്സിലായി. ഞങ്ങൾ ബൈക്കിൽ വീണ്ടും മുന്നോട്ടു നീങ്ങി അപ്പോൾ രജിസ്ട്രാറുടെ കാർ തിരിച്ചു വരുന്നുണ്ടായിരുന്നു. ഞാൻ ബൈക്ക് കാറിനടുത്ത് നിർത്തി അദ്ദേഹത്തോട് പറഞ്ഞു സാർ ഞങ്ങളീ കാമ്പസിലെ വിദ്യാർത്ഥികളാണ് പുറത്തു നിന്നു വന്നവരല്ല എന്ന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു വിദ്യാർത്ഥി ആയത് കൊണ്ട് ഞാനിങ്ങനെ പെരുമാറി മറിച്ചായിരുന്നെങ്കിൽ ഇങ്ങനെ ആയിരിക്കില്ലെന്ന്. ഞാനദ്ദേഹത്തോട് പറഞ്ഞു #സാർ#സാറിവിടുത്തെ_രജിസ്ട്രാറാണ് അല്ലാതെ #സെക്യൂരിറ്റിക്കാരനല്ല എന്ന് അധികാരത്തിന്റെ ഭാഷ വിദ്യാർത്ഥികളോട് വേണ്ടാ എന്ന് അപ്പോഴദ്ദഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു ഞാൻ നിന്നോട് ഇറങ്ങി പോവാൻ തന്നെയാണ് പറഞ്ഞത് ഇനിയും അങ്ങനെ തന്നെയാണ് പറയുന്നത് എന്നെ നിനക്കറിയില്ല എന്നും പറഞ്ഞു ഡ്രൈവറോട് കാറെടുക്കാൻ പറഞ്ഞു അദ്ദേഹം കാറിൽ മുന്നോട്ടു പോവുകയും ചെയ്തു.

ബഹുമാനപ്പെട്ട കാലിക്കറ്റ് സർവകലാശാല രജിസ്ട്രാറിനോട് കാമ്പസിലെ വിദ്യാർത്ഥിയായ എനിക്ക് കുറച്ചു ചോദ്യങ്ങൾ ചോദിക്കാനുണ്ട്

1) എന്തിനാണ് സാർ സെനറ്റ് ഹാളിന്റെ മുമ്പിലിരുന്ന ഞങ്ങളോട് ഒരുമാതിരി #സദാചാര_പോലീസിന്റെ ഭാഷയിലും നോട്ടത്തിലും പെരുമാറിയത്?

2)പകൽ സമയത്ത് വിദ്യാർത്ഥികൾക്ക് കാമ്പസിലൂടെയുള്ള സഞ്ചാര സ്വാതന്ത്യം നിഷേധിച്ചിട്ടുണ്ടോ?

3)ഞാനൊരു ആൺ സുഹൃത്തിനോടൊപ്പമാണ് ഇരുന്നതെങ്കിൽ സാറിന്റെ പ്രതികരണം ഈ തരത്തിലാകുമായിരുന്നോ?

4)സെനറ്റ് ഹാളിന്റെ വരാന്തയിൽ ഒരാൺ കുട്ടിക്കും ഒരു പെൺകുട്ടിക്കും ഇരിക്കാൻ പാടില്ലാത്തതായി വല്ല നിയമവും സർവകലാശാല പുറപ്പെടുവിപ്പിച്ചിട്ടുണ്ടോ?
ഉണ്ടെങ്കിൽ എപ്പോൾ?

5)സ്വന്തം വിദ്യാർത്ഥികളോട് എന്തിനാണീ അപര വ്യക്തിത്വ സമീപനം?

6)പിന്നേ സാർ കാമ്പസിലെ വിദ്യാർത്ഥിനികളെ പുറത്തു നിന്നുളള ആളുകൾ ആക്രമിച്ചപ്പോൾ എന്തായിരുന്നു സാർ സാറിന്റെ നിലപാട്?

എന്ന്
ഷിബിൻ കുമാർ എ.കെ

 

Follow Us:
Download App:
  • android
  • ios