ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്വകാര്യ സ്കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് ലഹരിക്കായി ഉപയോഗിക്കുന്ന ചൈനാ സ്‌പ്രേ പിടിച്ചെടുത്തത്. സൂപ്പര്‍ കാന്‍ഡി സ്‌പ്രേ, ബെന്‍ ടെന്‍ സ്‌പ്രേ കാന്‍ഡി തുടങ്ങിയ പേരിലുള്ള ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. പത്തിരിപ്പാലയിലെ സ്കൂള്‍ പരിസരത്തുള്ള രണ്ട് കടകളില്‍ നിന്നും അതിര്‍ക്കാടുള്ള ഒരു കടയില്‍ നിന്നുമായി 40ലധികം സ്‌പ്രേകളാണ് പിടിച്ചെടുത്തത്. സ്കൂളിലെ പല കുട്ടികളും ലഹരി സ്‌പ്രേ ഉപയോഗിക്കുന്നതായി അധ്യാപകര്‍ കണ്ടെത്തിയിരുന്നു. ചൈനീസ് ഉല്‍പ്പന്നമായ ഈ ലഹരി മരുന്ന് വായിലേക്ക് സ്‌പ്രേ ചെയ്താല്‍ മദ്യത്തിന് സമാനമായ ലഹരി അനുഭവപ്പെടും.
സ്‌പ്രേ ഉപയോഗിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ വെച്ച് മയങ്ങുന്നതായും വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ പരാതി നല്‍കിയത്. പറളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ് പ്രശോഭിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌പ്രേകള്‍ കണ്ടെത്തിയത്. 22 മില്ലി ലിറ്റര്‍ അടങ്ങിയ ഒരു സ്‌പ്രേയ്‌ക്ക് പത്ത് രൂപയാണ് വില. സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചാണ് സ്‌പ്രേ ഉണ്ടാക്കുന്നത്. ഉപയോഗിക്കുമ്പോള്‍ ആദ്യം ചെറിയ മധുരവും സുഗന്ധവും അനുഭവപ്പെടുമെങ്കിലും പിന്നിട് ലഹരിയുണ്ടാക്കുന്നതാണ് ഇത്തരം സ്‌പ്രേകള്‍. നേരത്തെ ലഹരി മിഠായികളാണ് വിപണിയിലുണ്ടായിരുന്നത്. ഇത് പിടിക്കപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി സ്‌പ്രേകള്‍ വിപണിയിലേക്കെത്തിയത്.
