സൗദി: സൗദിയില്‍ ഇന്ധനവിലയിലും വൈദ്യുതി നിരക്കിലും വര്‍ധനവ്. സാധാരണ പെട്രോളിന്‍റെ വില ലിറ്ററിന് ഒരു റിയാല്‍ 37 ഹലാല ആയി ഉയര്‍ന്നു. അതേസമയം മുന്തിയ ഇനം പെട്രോള്‍ ലിറ്ററിന് തൊണ്ണൂറ് ഹലാല ആയിരുന്നത് 2.04 റിയാലായി. വാറ്റിന് പുറമെ എണ്ണവിലയും വ‌ര്‍ധിച്ചതോടെ സൗദിയില്‍ ജീവിതച്ചിലവ് കൂടും.

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി നിരക്ക് മാസത്തില്‍ 6000 യൂണിറ്റ് വരെ യൂണിറ്റിനു പതിനെട്ടു ഹലാല എന്ന തോതിലായിരിക്കും ഇന്ന് മുതല്‍ ഈടാക്കുക. 6000 യൂണിറ്റിനു മുകളില്‍ എത്ര ഉപയോഗിച്ചാലും യൂണിറ്റിനു മുപ്പത് ഹാലാലയായിരിക്കും പുതിയ നിരക്ക്. നേരത്തെ വൈദ്യുതി നിരക്ക് 2000 യൂണിറ്റു വരെ യൂണിറ്റിനു അഞ്ചു ഹലാലയും, രണ്ടായിരം മുതല്‍ നാലായിരം വരെ യൂണിറ്റിനു പത്ത് ഹലാല വീതവും നാലായിരം മുതല്‍ ആറായിരം വരെ ഇരുപത് ഹലാല വീതവുമാണ് ഈടാക്കിയിരുന്നത്. 

മാസത്തില്‍ 200 റിയാല്‍ വൈദ്യുതി ബില്‍ അടച്ചിരുന്ന സാധാരണ ഉപയോക്താവ് ഇനി മുതല്‍ ഏതാണ്ട് 600 റിയാല്‍ അടയ്ക്കേണ്ടി വരും. വൈദ്യുതി ഉപഭോഗത്തിന്‍റെ പകുതിയില്‍ കൂടുതല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് സൗദി. ഇതില്‍ ഭൂരിഭാഗവും പാഴാക്കി കളയുകയാണെന്നാണ് റിപ്പോര്‍ട്ട്. 

രാജ്യത്തെ ബഹുഭൂരിഭാഗം ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ചു ശതമാനം മൂല്യ വര്‍ധിത നികുതിയും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. വിദേശ തൊഴിലാളികള്‍ക്ക് 300 മുതല്‍ 400 റിയാല്‍ വരെ പ്രതിമാസ ലെവിയും ഇന്ന് പ്രാബല്യത്തില്‍ വന്നു. ചുരുക്കത്തില്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ജീവിതച്ചെലവ് ഇന്ന് മുതല്‍ കുത്തനെ വര്‍ധിച്ചു.