ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്ത് ഹജ്ജ് തീര്‍ഥാടകര്‍ അനുഭവിച്ച ത്യാഗത്തിന്റെയും കഷ്‌ടപ്പാടുകളുടെയും ചരിത്രം പറയുകയാണ് മക്കയിലെ സുബൈദ കനാല്‍. സമീപകാലം വരെ ഹജ്ജ് തീര്‍ഥാടകരും മക്കാ നിവാസികളും ദാഹമകറ്റാന്‍ ആശ്രയിച്ചിരുന്ന തടാകത്തിന്റെ ചില ഭാഗങ്ങള്‍ ഇന്നും ഇവിടെ കാണാം.
ബാഗ്ദാദിലെ ഭരണാധികാരിയായിരുന്ന ഹാറൂന്‍ റഷീദിന്റെ ഭാര്യയാണ് സുബൈദ. ആയിരത്തി ഇരുനൂറോളം വര്ഷം മുമ്പ് ഹജ്ജിനെത്തിയപ്പോള്‍ തീര്‍ഥാടകര്‍ ദാഹജലത്തിനായി പ്രയാസപ്പെടുന്നത് സുബൈദയുടെ ശ്രദ്ധയില്‍ പെട്ടു. ഇത് പരിഹരിക്കാനായി സ്വന്തം സമ്പത്ത് ചെലവഴിച്ചു കൊണ്ട് പണിതതാണ് സുബൈദ കനാല്‍. അന്നത്തെ കാലത്ത് പ്രായോഗികമല്ലെന്നു കരുതിയിരുന്ന പദ്ധതി വിദഗ്ദരായ എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ പത്തു വര്‍ഷം കൊണ്ടാണ് യാഥാര്‍ത്ഥ്യമായാത്. മുപ്പത്തിയെട്ടു കിലോമീറ്റര്‍ നീളമുള്ള നീര്‍ച്ചാല്‍ വഴി തായിഫിനടുത്തുള്ള ഹുനൈന്‍ തടാകത്തില്‍ നിന്നു ശുദ്ധമായ കുടിവെള്ളം ഒഴുകിയെത്തി. ഹജ്ജ് തീര്‍ഥാടകരും മക്കാ നിവാസികളും 1950 വരെ കനാലില്‍ നിന്നു വെള്ളം കുടിച്ചിരുന്നതായി ചരിത്രം പറയുന്നു.
സുബൈദാ കനാലിലൂടെ ഇപ്പോള്‍ വെള്ളം ഒഴുകുന്നില്ല. എന്നാല്‍ മലകള്‍ തുരന്നും പാറകള്‍ പൊട്ടിച്ചും കെട്ടിയുയര്‍ത്തിയ അത്ഭുതകരമായ നിര്‍മിതിയുടെ ഭാഗങ്ങള്‍ ഇന്നും മക്കയിലും, മിനായിലും, മുസ്ദലിഫയിലും, അറഫയിലുമെല്ലാം കാണാം.
