ആത്മഹത്യ ചെയ്ത പുനലൂർ സ്വദേശി സുഗതന്‍റെ മക്കള്‍ക്ക് വർക്ക് ഷോപ്പ് തുടങ്ങാൻ അനുമതി നല്‍കാൻ വിളക്കുടി പഞ്ചായത്ത് യോഗത്തില്‍ തീരുമാനം.
കൊല്ലം: ആത്മഹത്യ ചെയ്ത പുനലൂർ സ്വദേശി സുഗതന്‍റെ മക്കള്‍ക്ക് വർക്ക് ഷോപ്പ് തുടങ്ങാൻ അനുമതി നല്‍കാൻ വിളക്കുടി പഞ്ചായത്ത് യോഗത്തില്‍ തീരുമാനം. അനുമതി വൈകിപ്പിച്ച നടപടി ഏറെ വിവാദമായിരുന്നു. ഏഷ്യനെറ്റ് വാർത്തയെതുടർന്നാണ് പഞ്ചായത്ത് അടിയന്തര യോഗം ചേർന്നത്.
അത്മഹത്യ ചെയ്ത സുഗതന്‍റെ മകൻ രണ്ടാഴ്ച മുൻപാണ് വർക്ക്ഷോപ്പ് തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസിന് വേണ്ടി വിളക്കുടി ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ സമർപ്പിച്ചത്. എന്നാല്‍ ലാന്‍റ് ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയല്ലെന്നും വയലാണന്നും കാണിച്ച് പഞ്ചായത്ത് അധികൃതർ അനുമതി നിഷേധിച്ചു.
സംഭവത്തെ കുറിച്ച് പഞ്ചായത്ത് ഭരണസമിതി പറയുന്നത് ഇങ്ങനെയാണ്.. വർക്ക്ഷോപ്പ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഉടമയുടെ അനുമതി കത്ത് പ്ലാൻ എന്നിവ ഇല്ലാതെ അപേക്ഷ സമർപ്പിച്ചത്. അതിനാല്‍ അനുമതി നല്‍കാൻ വൈകി പുതിയ അപേക്ഷ കിട്ടിയ സാഹചര്യത്തില്‍ രണ്ട് ദിവസത്തിനകം ലൈസൻസ് നല്‍കുമെന്ന് വിളക്കുടി പഞ്ചായത്ത് പ്രസിഡന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് യോഗത്തില്‍ സെക്രട്ടറിയുടെ വിയോജനകുറിപ്പോടെയാണ് ലൈസൻസ് നല്‍കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. ലൈസൻസ് കിട്ടിയാലുടൻ വൈദ്യുതി കണക്ഷനുള്ള അപേക്ഷനല്‍കും. വിളക്കുടിയിലെ വർക്ക്ഷോപ്പ് നിർമ്മാണത്തെ എതിർത്ത് രാഷ്ട്രീയ പാർട്ടികള്‍ കൊടികുത്തിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 23നാണ് സുഗതൻ ആത്മഹത്യചെയ്തത്.
