പൂക്കളുടെ വര്‍ണവൈവിധ്യങ്ങള്‍ ഇഷ്ടമില്ലാത്തവരാരുമുണ്ടാകില്ല. എന്നാല്‍ പൂക്കളെ ജീവനു തുല്യം സ്‌നേഹിക്കുന്ന, അല്ലെങ്കില്‍ അതിലുമപ്പുറം ഇഷ്ടപെടുന്ന ഒരാളുണ്ട് കോഴിക്കോട്. പുതിയറ അനുഗ്രഹത്തില്‍ സുഷാ ജയകൃഷ്ണന്‍. ചെറുപ്പം മുതല്‍ പൂക്കളെ ഇഷ്ടപ്പെട്ട ഇവര്‍ പിന്നീട് ജീവിതത്തിന്റെ വലിയൊരുഭാഗം പൂക്കളുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി മാറ്റിവയ്ക്കുകയായിരുന്നു. ഓര്‍ക്കിഡ്, റോസ്, ആന്തൂറിയം, ആഫ്രിക്കന്‍ വൈലറ്റ്, സ്റ്റോഗ് ഹോണ്‍ ഫേണ്‍ തുടങ്ങിയവയെല്ലാം ഇവരുടെ സ്‌നേഹതണലില്‍ വളര്‍ന്ന് പുഞ്ചിരി തൂക്കിനില്‍ക്കുന്നു. ഇതിന് പുറമെ ബോണ്‍സായി മരങ്ങളുടെ വലിയൊരു ശേഖരവും സുഷ പരിപാലിക്കുന്നുണ്ട്. 

പൂവാടിയായി വീട്ടുമുറ്റവും പരിസരവും 

പുതിയറയിലെ അനുഗ്രഹയെന്ന വീട്ടിലെത്തിയാല്‍ ഒരു പൂന്തോട്ടത്തിലെത്തിയ പ്രതീതിയാണ്. വര്‍ണങ്ങളുടെ വ്യത്യസ്തതകള്‍ കൊണ്ട് വസന്തലോകത്തെത്തിയ പോലെ തോന്നും. ഒരു വശത്ത് നിറക്കൂട്ടൊരുക്കി ഓര്‍ക്കിഡ് പ്രവഞ്ചം. അമ്പതില്‍പരം ഓര്‍ക്കിഡുകള്‍ ഇവിടെയുണ്ട്. ഇതിന് പുറമെ പ്ലോട്ട് പ്ലാന്റ്‌സ് ഇനത്തില്‍പ്പെട്ട ആന്തൂറിയം, റോസുകളായ കാശ്മീരിയും സ്‌നോവൈറ്റും, ആഫ്രിക്കന്‍ വൈലറ്റ്, വെള്ള കൊന്ന തുടങ്ങിയവയെല്ലാം പുഷ്പിണികളായി നില്‍ക്കുന്നു. വീടിന്റെ പരിസരത്തായി ചക്കയും മാങ്ങയും അമ്പഴങ്ങയും വൈവിധ്യങ്ങളായ ഫലവൃക്ഷങ്ങളും കാണാം. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും ഇവര്‍ വീട്ടില്‍ തന്നെ കൃഷി ചെയ്യുന്നു. 

കാര്‍ഷിക കുടുംബാംഗം

അത്തോളിയിലെ കാര്‍ഷിക കുടുംബാംഗമായ സുഷ ചെറുപ്പം മുതല്‍ തന്നെ കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. തെങ്ങും നെല്‍വയലുകളുമായുള്ള കുടുംബത്തില്‍ ജനിച്ച ഇവര്‍ക്ക് കൃഷിയെ സ്‌നേഹിക്കാതിരിക്കാനാകില്ല. വീട്ടില്‍ ചെറുപ്പം മുതല്‍ ഇഷ്ടപ്പെട്ട ചെടികള്‍ വളര്‍ത്തിയിരുന്നു. പിന്നീട് വിവാഹ ശേഷം കോഴിക്കോട് നഗരത്തിലെത്തിയതോടെ അവിടെയും ചെടികളുമായുള്ള ആത്മബന്ധം തുടര്‍ന്നു. ബേപ്പൂരില്‍ താമസിക്കുന്ന കാലത്തും വീട്ടില്‍ നിറയെ ചെടികളായിരുന്നു. ഓര്‍ക്കിഡുകളും റോസുകളുമാണ് ഏറ്റവും ഇഷ്ടമെന്ന് സുഷാ ജയകൃഷ്ണന്‍ പറയുന്നു. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഓര്‍ക്കിഡ് കളക്ഷന്‍ തുടങ്ങുന്നത്. 

എ.വി.ടിയായിരുന്നു കോഴിക്കോട് മണ്ണിലല്ലാതെ ഓര്‍ക്കിഡ് കൃഷി ചെയ്യാമെന്ന് പഠിപ്പിക്കുന്നത്. പിന്നീട് ചെടിയുടെ പരിപാലനവുമായ ബന്ധപ്പെട്ട നിരവധി ക്ലാസുകള്‍ പങ്കെടുത്തും അറിവ് സ്വന്തമാക്കി. ഇപ്പോഴും പഠന ക്ലാസുകളില്‍ പങ്കെടുക്കാറുണ്ട്. പുതിയ അറിവുകളിലൂടെ ചെടികളിലൂടെ വര്‍ണ വസന്തം തീര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. ട്രിപ് ഇറിഗേഷന്‍, മള്‍ച്ചിങ് തുടങ്ങിയ അധുനീക സങ്കേതങ്ങളും കൃഷിയ്ക്കായി ഇവര്‍ ഉപയോഗിക്കുന്നുണ്ട്. ഭര്‍ത്താവായ പിഡബ്ല്യുഡി കോണ്‍ട്രാക്റ്റര്‍ ജയകൃഷ്ണനും ഏകമകള്‍ ജിഷ രാജീവും തന്ന പിന്തുണയാണ് തന്നെ പൂക്കളുടെ കൂട്ടുകാരിയാക്കിയതെന്ന് സുഷ പറയുന്നു. ഭര്‍ത്താവിനും മകള്‍ക്കും പൂക്കളെ ഇഷ്ടമാണ്. പൂക്കള്‍ താന്‍ വില്‍ക്കാറില്ല. ചെടി നട്ട് പരിപാലിക്കും എന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രം നല്‍കും. 

ബോണ്‍സായി വിസ്മയം

സുഷാ ജയകൃഷ്ണന്റെ ശേഖരത്തിലെ ബോണ്‍സായി മരങ്ങള്‍ ശരിക്കും വിസ്മയങ്ങളാണ്. 25 വര്‍ഷം പ്രായമായ പേരാലും കല്ലാലും ഒരടി ഉയരത്തില്‍ ബോണ്‍സായിയായി ചട്ടിയില്‍ കാണാനാകും. ഇതിന് അത്തി, ഞാവല്‍, അഡീനിയം, ഫൈക്കാസ് തുടങ്ങിയ വന്‍ മരങ്ങളെല്ലാം കുഞ്ഞന്മാരായി സുഷ സംരക്ഷിക്കുന്നുണ്ട്. 25 ബോണ്‍സായി മരങ്ങളാണ് ഇവരുടെ ശേഖരത്തിലുള്ളത്. ഇവ വീട്ടിലെത്തുന്നവര്‍ക്ക് വിസ്മയ ചെപ്പാണ് തുറന്നിടുന്നത്. കാലിക്കറ്റ് അഗ്രി ഹോട്ടികള്‍ച്ചര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് അംഗമായ ഇവര്‍ എല്ലാ വര്‍ഷവും കാലിക്കറ്റ് ഫ്‌ളവര്‍ ഷോയില്‍ സ്റ്റാള്‍ ഒരുക്കാറുണ്ട്. ഈയിടെ കോഴിക്കോട് കെടിസി ഗ്രൗണ്ടില്‍ ആരംഭിച്ച 41 -ാംമത് കാലിക്കറ്റ് ഫ്‌ളവര്‍ ഷോയിലും ഒന്നാം സ്ഥാനം സുഷയുടെ സ്റ്റാളിനായിരുന്നു. കാലിക്കറ്റ് ഫ്‌ളവര്‍ ഷോയില്‍ മികച്ച സ്റ്റാള്‍ ഒരുക്കിയതിന് 13 -ാം തവണയാണ് ഇവര്‍ ഓവറോള്‍ കിരീടം ചൂടുന്നത്.