വേനല്‍ കടുക്കുന്നു; കാസര്‍കോട് വറ്റിവരളുന്നു

First Published 3, Mar 2018, 6:00 PM IST
Summer is dark Kasaragod is dried up
Highlights
  • ചൈത്ര വാഹിനിയും പയസ്വിനി പുഴയും പൂര്‍ണ്ണമായും വറ്റിവരണ്ടു.

കാസര്‍കോട്: സംസ്ഥാനത്ത് ആറ് നദികളുള്ള ഏക ജില്ലയാണ് കാസര്‍കോട്. എന്നാല്‍ ഇന്ന് ജലക്ഷാമം രൂക്ഷമായ ജില്ലകൂടിയാണ് കാസര്‍കോട്. വേനല്‍ ചൂടിന് കാഠിന്യമേറിയതോടെ പുഴകളും അരുവികളും കുളങ്ങളും കിണറുകളും അടങ്ങിയ ജലാശയങ്ങള്‍ വറ്റിവരണ്ടു. കാസര്‍കോട് ജില്ല കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുന്നു. ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളായ ചൈത്ര വാഹിനി, പയസ്വിനി, ചന്ദ്രഗിരി, തേജസ്വിനി പുഴകളാണ് കടുത്ത വേനല്‍ ചൂടില്‍ വറ്റി വരളുന്നത്. ഇതില്‍ ചൈത്ര വാഹിനിയും പയസ്വിനി പുഴയും പൂര്‍ണ്ണമായും വറ്റിവരണ്ടു. 

ചിലയിടങ്ങളില്‍ മാത്രം വെള്ളത്തിന്റെ നേരിയ ഉറവ ബാക്കിയുണ്ട്. മലയോര ഗ്രാമ പഞ്ചായത്തുകളായ വെസ്റ്റ് എളേരി, ബളാല്‍, ഈസ്റ്റ് എളേരി തുടങ്ങിയ സ്ഥലങ്ങളിലെ ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് വേനല്‍ക്കാലത്ത് കുടിവെള്ളം നല്‍കിയിരുന്നത് ചൈത്ര വാഹിനി പുഴയായിരുന്നു. തുണികഴുകാനും കുളിക്കാനും ആളുകള്‍ക്ക് വേനല്‍കാലത്ത് ആശ്വാസമേകിയ ഈ പുഴ ഇക്കുറി നേരത്തെ വറ്റി.

തലക്കാവേരിയില്‍ നിന്നും ഉല്‍ഭവിക്കുന്ന ചൈത്ര വാഹിനി പുഴ കൊന്നക്കാട് മുതല്‍ കാര്യംകോട് പുഴവരെയുള്ള ആളുകളുടെ ആശ്വാസ മായിരുന്നു. പയസ്സിനി പുഴയാകട്ടെ പാണത്തൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള ജനങ്ങള്‍ക്കും വേനല്‍ക്കാലത്ത് ആശ്വാസമായിരുന്നു. ഈ പുഴകളില്‍ ഉപ്പ് വെള്ളം കലരുകയില്ല. അതിനാല്‍ പുഴകളിലെ വെള്ളം ജനങ്ങള്‍ക്ക് നേരിട്ട് കുടിക്കുവാനും കുളിക്കുവാനും ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു. പുഴക്കരയിലും വറ്റിവരണ്ട പുഴയിലും കുഴികള്‍ തീര്‍ത്താണ് ആളുകള്‍ കുടിവെള്ളം കണ്ടെത്തുന്നത്.

ചന്ദ്രഗിരി പുഴയും തേജസ്വിനിയും ഉപ്പുവെള്ളം കലര്‍ന്നതാണെങ്കിലും ജനങ്ങള്‍ക്ക് മറ്റാവശ്യങ്ങള്‍ക്ക് ഈവെള്ളം മതിയായിരുന്നു. ജില്ലയിലെ മിക്കകുടിവെള്ള വിതരണ പദ്ധതികളുടെയും പമ്പ് ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നത് പുഴകളൊട് ചേര്‍ന്ന സ്ഥലങ്ങളിലാണ്. വേനലില്‍ പുഴകള്‍ വറ്റി വരളാന്‍ തുടങ്ങിയത് കുടിവെള്ള വിതരണ പദ്ധതികളെയും ബാധിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് പുഴകളില്‍ വെള്ളത്തിന്റെ അളവ് ഇത്രകണ്ട് കുറഞ്ഞതെന്നു നാട്ടുകാര്‍ പറയുന്നു. ഏപ്രില്‍ മാസത്തിന് മുന്‍പ് വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ ജില്ല കടുത്ത ജലക്ഷാമം നേരിടുമെന്ന് നാട്ടുകാര്‍ ജലവകുപ്പും പറയുന്നു. തടയണകള്‍ കെട്ടി ചില സ്ഥലങ്ങളില്‍ വെള്ളം കെട്ടി നിര്‍ത്തിയിട്ടുണ്ടെങ്കിലും ഇതും ദിവസേന വറ്റിവരികയാണ്.

loader