പേരാവൂര്‍: വാറ്റും വാഷുമായി സണ്‍ഡേസ്‌കൂള്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. കണിച്ചാര്‍ അണുങ്ങോട് എടത്താഴെ വീട്ടില്‍ എ ടി ജോസഫ്  എന്നയാളാണ് വാറ്റുചാരായ വില്‍പ്പനയ്ക്ക് പൊലീസ് പിടിയിലായത്. ഏഴ് ലിറ്റര്‍ ചാരായവുമായി അമ്പത് ലിറ്റര്‍ വാഷുമാണ് ഇയാളില്‍നിന്ന് പിടികൂടിയത്. പിന്നീട് ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

സ്ഥലത്തെ ക്രിസ്ത്യന്‍ പളളിയുടെ സണ്‍ഡേസ്‌കൂള്‍ പ്രധാനാധ്യാപകനാണ് ഇദ്ദേഹം. തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള പേരാവൂര്‍ ഫൊറോനായിലെ ഓടന്തോട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലായിരുന്നു ഇദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. പേരാവൂര്‍ എക്‌സൈസ് സംഘമാണ് ഇയാളില്‍ നിന്നും വാറ്റും വാഷും പിടിച്ചെടുത്തത്.

ക്രിസ്മസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. വീടിന് സമീപത്തുള്ള ഷെഡ്ഡിലായിരുന്നു ഇയാള്‍ ചാരായം നിര്‍മിച്ചിരുന്നത്. 60 ലിറ്റര്‍ അളവ് കൊള്ളുന്ന ബാരലില്‍ വാറ്റും വെളുത്ത കന്നാസില്‍ ചാരായവും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നു. റെയ്ഡുകള്‍ തുടര്‍ന്നുമുണ്ടാകുമെന്ന് എക്‌സൈസ് പറയുന്നു.