ആലപ്പുഴ: മനസ്സറിഞ്ഞ് മണ്ണില്‍ അദ്ധ്വാനിച്ചാല്‍ പൊന്ന് വിളയിക്കാമെന്ന് തെളിയിക്കുകയാണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി സ്വദേശി വി.പി. സുനില്‍. അദ്ധ്വാനിക്കാനുള്ള മനസ് ഉണ്ടെങ്കില്‍ ആര്‍ക്കും കര്‍ഷകനാകാം എന്നാണ് സുനില്‍ അഭിപ്രായം. സുനിലിന്റെ വാക്കുകള്‍ ശരിവെയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ കൃഷിയിടവും. എല്ലാത്തരം ജൈവ പച്ചക്കറികളും വിളയിക്കുന്ന കൃഷിരീതിയാണ് സുനില്‍ അവലംബിക്കുന്നത്. പയര്‍, വെള്ളരി, വെണ്ട, ചീര, പടവലം, മുളക്, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് വിളയിക്കുന്നത്. കയര്‍ത്തൊഴിലാളിയായിരുന്ന സുനില്‍ വളരെ യാദൃശ്ചികമായാണ് കൃഷിയിലേക്ക് വരുന്നത്. ഹൃദയസംബന്ധമായ അസുഖം വന്നതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ പച്ചക്കറികള്‍ മാത്രം കഴിക്കാന്‍ പറഞ്ഞു. അങ്ങനെ പച്ചക്കറികള്‍ കഴിച്ചുതുടങ്ങിയപ്പോഴാണ് എന്നാല്‍ പിന്നെ പച്ചക്കറികൃഷി തുടങ്ങാമെന്ന് തീരുമാനിക്കുന്നത്. അങ്ങനെയാണ് സുനില്‍ ആദ്യമായി കൃഷിയിലേക്ക് ഇറങ്ങുന്നത്. 

നാട്ടിലെ സുഹൃത്തുക്കളെയും കൂട്ടി ഫാര്‍മേഴ്‌സ് ക്ലബ് രൂപീകരിച്ച് കൃഷി തുടങ്ങി. മായിത്തറ വെട്ടിക്കാട് പാടശേഖരത്തില്‍ അഞ്ചേക്കര്‍ ഭൂമി പാട്ടത്തിനെടുത്തുകൊണ്ടായിരുന്നു ആദ്യകൃഷി. അവിടെയും പച്ചക്കറികള്‍ മാത്രമായിരുന്നു കൃഷി. വിളവെടുപ്പ് വന്‍വിജയമായതോടെ മറ്റെല്ലാം മാറ്റിവെച്ച് മുഴുവന്‍ സമയവും കര്‍ഷകനായി സുനില്‍ മാറി. ഇപ്പോള്‍ വീടിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ ഭൂമിയിലാണ് കൃഷി. പാവല്‍, പീച്ചില്‍, പടവലം, വെണ്ട, മുളക്, തക്കാളി, വഴുതന തുടങ്ങിയ പച്ചക്കറികളാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. പച്ചിലവളം, കോഴിവളം, ചാണകം, വേപ്പ് കശുവണ്ടി പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങളാണ് ഉപയോഗിക്കുന്നത്. 

കീടനാശിനിയായി വേപ്പെണ്ണ മിശ്രിതവും. കീടനാശിനി തളിക്കാത്ത പച്ചക്കറിയായതിനാല്‍ വിളവെടുപ്പ് കഴിഞ്ഞാല്‍ മണിക്കൂറിനകം പട്ടക്കറികളെല്ലാം വിറ്റഴിയും. ആവശ്യക്കാര്‍ക്ക് പച്ചക്കറി വീട്ടിലെത്തിച്ചുകൊടുക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചായത്തില്‍ മുന്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായിരുന്നു. ഇപ്പോഴും പാര്‍ട്ടിപ്രവര്‍ത്തനം ഉണ്ടെങ്കിലും കൃഷിക്കാണ് മുന്‍ഗണന. കൃഷി ഒരിക്കലും നഷ്ടം വരുത്തുന്ന കച്ചവടമല്ലെന്നാണ് സുനില്‍ പറയുന്നത്. കൃഷി ചെയ്യാന്‍ താല്പര്യവും ക്ഷമയും ഉണ്ടെങ്കില്‍ ആര്‍ക്കും കൃഷി ചെയ്യാം. സുനിലിന്റെ കാര്‍ഷിക ജീവിതത്തിന് സര്‍വ്വ പിന്തുണയുമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ ഭാര്യ റോഷ്‌നി സുനിലും ഒപ്പമുണ്ട്.