ചണ്ഡീഗര്‍: അയല്‍ക്കാരിയായ 12 കാരിയെ ബലാത്സംഗം ചെയ്ത സൂപ്പര്‍മാര്‍ക്കറ്റ് സെയില്‍സ്മാന്‍ അറസ്റ്റില്‍. ചണ്ഡീഗഡിലെ ദഡുമജ്റാ കോളനിയിലാണ് സംഭവം. 20കാരനായ ഷമ്മി കുമാറാണ് അറസ്റ്റിലായത്. ചണ്ഡീഗറിലെ ബെന്‍സാലി സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ്മാനാണ് ഷമ്മി. 

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. വാടകയ്ക്ക് താമസം ലഭ്യമാകുമോയെന്ന് അന്വേഷിച്ചാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.

മറുപടി പറഞ്ഞതിന് ശേഷം വീടിന്‍റെ വാതിലടയ്ക്കാന്‍ ശ്രമിക്കവേ കുടിക്കാന്‍ വെള്ളം യുവാവ് ചോദിച്ചു. വെള്ളം എടുക്കാന്‍ പെണ്‍കുട്ടി പോയതോടെ യുവാവും വീടിനകത്ത് കയറി വാതിലടച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 500 രൂപ മോഷ്ടിക്കുകയും ചെയ്തു യുവാവ്.

ബലാത്സംഗത്തെ കുറിച്ച് പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ ഭീക്ഷണിപ്പെടുത്തിയിരുന്നു ഇയാള്‍. എന്നാല്‍ അമ്മയെ ഫോണിലൂടെ വിവരം അറിയിക്കുകയായിരുന്നു പെണ്‍കുട്ടി. പിന്നീട് പിതാവ് പൊലീസില്‍ വിവരമറിയിച്ചു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി.