പിതാവിന്‍റെ സംസ്കാര ചടങ്ങുകൾക്ക് പോയ വ്യക്തിക്ക് ബ്ലോക്ക് കാരണം സമയത്ത് എത്താൻ കഴിയാതെ പോയതിനെ കുറിച്ചുള്ള മാധ്യമ വാർത്ത പരാമർശിച്ച് ജസ്റ്റിസ് വിനോദ് ചന്ദ്രൻ
ദില്ലി:പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയ പാത അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.ടോള്‍ നല്‍കിയിട്ടും ദേശീയപാതാ അതോറിറ്റി സേവനം നല്‍കുന്നില്ലല്ലോയെന്ന് കോടതി നീരീക്ഷിച്ചു. കുപ്പിക്കഴുത്ത് പോലെയാണ് ദേശീയപാതയിലെ ഗതാഗത സൗകര്യമെന്ന് സുപ്രിംകോടതി വിമർശിച്ചു.ആംബുലൻസിന് പോലും പോകാനാകാത്ത ഗതാഗത കുരുക്കാണെന്ന് കേസ് പരിഗണിച്ച് ബെഞ്ചിലെ ജസ്റ്റിസ് വിനോദ് ചന്ദ്രൻ ചൂണ്ടിക്കാട്ടി. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി
ദേശീയ പാത അതോറിറ്റിയ്ക്കായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത് വാദം തുടങ്ങിയപ്പോൾ തന്നെ റോഡിൻറെ അവസ്ഥ മോശമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആ വഴി സഞ്ചിരിച്ച കാര്യം ഓര്‍മ്മിച്ചാണ് ചീഫ് ജസ്റ്റിസ് സംസാരിച്ചത്. ബെഞ്ചിലെ മറ്റ് ഒരു അംഗമായ ജഡ്ജി കെ വിനോദ് ചന്ദ്രന് കാര്യങ്ങൾ നേരിട്ട് അറിവുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ടോള്‍ നല്‍കിയിട്ടും ദേശീയപാതാ അതോറിറ്റി സേവനം നല്‍കുന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു. സര്‍വീസ് റോഡുകളും മെച്ചപ്പെടുത്തിയില്ലെന്ന വിമര്‍ശനവും ഉന്നയിച്ചു. ആംബുലൻസ് പോലും പോകാനാകാത്ത ഗതാഗതകുരുക്കെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ വ്യക്തമാക്കി. നാല് ആഴ്ച് കൊണ്ട് പരിഹാരം കാണാൻ നോക്കാതെ എന്തിനാണ് അപ്പിൽ നൽകി സമയം കളയുന്നതെന്ന ചോദ്യവും കോടതിയിൽ നിന്ന് ഉണ്ടായി. ഭാര്യ പിതാവിൻറെ സംസ്കാര ചടങ്ങുകൾക്ക് പോയ വ്യക്തിക്ക് ബ്ലോക്ക് കാരണം സമയത്ത് എത്താൻ കഴിയാതെ പോയതിനെ കുറിച്ചുള്ള മാധ്യമ വാർത്ത കോടതിയിൽ ജസ്റ്റിസ് പരാമർശിച്ചു
രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമാണ് ഗതാഗത പ്രശ്‌നമെന്ന് ദേശീയപാതാ അതോറിറ്റിക്കായി വാദം ഉയർത്തയത്..പാത നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണന്നും ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നും NHAl വാദിച്ചു.പല തവണ മുന്നറിയിപ്പ് നൽകിയിട്ടും കരാർ കമ്പനി നടപടി എടുക്കാതെ വന്നതോടെയാണ് ഹൈക്കോടതി ഉത്തരവിട്ടത് എന്ന് ഹർജിക്കാരൻ ഷാജി കോണ്ടൻകണ്ടത്തിന്റെ അഭിഭാഷകൻ വാദിച്ചു. കരാർ കമ്പനിയുടെ അപ്പീൽ കൂടി എത്തുന്ന സാഹചര്യത്തിൽ കേസ് തിങ്കളാഴച്ചത്തേക്ക് മാറ്റണമെന്ന കേന്ദ്ര ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു


