ബലാത്സംഗക്കേസുകളിൽ കർശന മാർഗ്ഗനിർദ്ദേശവുമായി വീണ്ടും സുപ്രീംകോടതി. ഇരകളുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ മാധ്യമങ്ങൾ നൽകരുത്. മുഖം മറച്ച് നൽകുന്നതിനും വിലക്ക്. വസ്തുതകൾ മറന്ന് വൈകാരികമായി റിപ്പോർട്ട് ചെയ്യരുതെന്നും കോടതി
ദില്ലി: ബലാത്സംഗ കേസുകൾ മാധ്യമങ്ങൾ കരുതലോടെ റിപ്പോർട്ട് ചെയ്യണമെന്ന് വീണ്ടും സുപ്രീംകോടതി. ഇരയുടെ വ്യക്തമല്ലാത്ത (മോര്‍ഫ് ചെയ്ത) ദൃശ്യങ്ങളോ, ചിത്രങ്ങളോ പോലും നൽകരുതെന്നും കോടതി നിർദ്ദേശിച്ചു. ബീഹാർ മുസഫർപൂർ അഭയകേന്ദ്ര പെൺകുട്ടികൾ ബലാൽസംഗത്തിന് ഇരയായ സംഭവം റിപ്പോർട്ട് ചെയ്യുന്നതിന് പട്ന ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി.
എന്നാൽ ഇത്തരം കേസുകൾ റിപ്പോർട്ടുചെയ്യുമ്പോൾ മാധ്യമങ്ങൾ കൂടുതൽ ജാഗ്രത കാട്ടണമെന്ന് കോടതി പറഞ്ഞു. ബലാൽസംഗകേസുകൾ കൂടുതൽ വിവാദമാക്കി മാറ്റാൻ മാധ്യമങ്ങൾ ശ്രമിക്കരുത്. കേസിലെ ഇരകളുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ നൽകരുതെന്നും അച്ചടി, ദൃശ്യ മാധ്യമങ്ങൾക്ക് കോടതി നിർദ്ദേശം നൽകി.
ചിത്രങ്ങളോ, ദൃശ്യങ്ങളോ അവരെ തിരിച്ചറിയാൻ കഴിയാത്ത വിധമാക്കിയും നൽകരുത്. ബീഹാറിലെ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ ബലാൽസംഗത്തിന് ഇരയായ കേസിലെ സിബിഐ അന്വേഷണം ഇനി സുപ്രീംകോടതി മേൽനോട്ടത്തിലായിരിക്കും. കേസിൽ ഒരുമാസത്തിനകം അന്വേഷണപുരോഗതി റിപ്പോർട്ട് നൽകാൻ കോടതി സിബിഐയോട് ആവശ്യപ്പെട്ടു.
