കേരളത്തിലെ സ്വകാര്യ കോളേജുകളില്‍ 250ലധികം സീറ്റുകളിലേക്ക് പ്രവേശന നടപടികള്‍ പൂര്‍ത്തിയാകാനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഈ സീറ്റുകളിലേക്ക് ഏകീകൃത കൗണ്‍സിലിങ് വഴി പ്രവേശനം നടത്താന്‍ ഒക്ടോബര്‍ ഏഴ് വരെ സമയം നീട്ടിനല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നേരത്തെ മഹാരാഷ്‌ട്ര സര്‍ക്കാരിന്റെയും ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളുടെയും സമാനമായ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. അക്കാര്യം ചൂണ്ടിക്കാട്ടിയതോടെ കേരള സര്‍ക്കാരിനും അടുത്ത വെള്ളിയാഴ്ച വരെ സമയം നീട്ടിനല്‍കികൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. 

പ്രവേശന നടപടി സംബന്ധിച്ച് രേഖകള്‍ കൈമാറാന്‍ പാലക്കാട്ടെ കരുണ മെഡിക്കല്‍ കോളേജ് തയ്യാറാകുന്നില്ലെന്ന പരാതിയുമായി ജയിംസ് ജയിംഗ് കമ്മിറ്റി നല്‍കിയ അപേക്ഷ സുപ്രീം കോടതി പരിഗണിച്ചു. രേഖകള്‍ നല്‍കണമെന്ന ജയിംസ് കമ്മിറ്റിയുടെ ആവശ്യം കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് കരുണ മെഡിക്കല്‍ കോളേജ് ചൂണ്ടിക്കാട്ടി. പ്രധാന കേസിനൊപ്പം ജയിംസ് കമ്മിറ്റിയുടെ ആവശ്യം പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഇതിനിടെ കോടതി നടപടികള്‍ നീണ്ടുപോയതുകൊണ്ട് പ്രവേശനം നടത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെയും ഉത്തര്‍പ്രദേശിലെയും കോളേജുകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.