ദില്ലി: ജഡ്ജി ബിഎച്ച് ലോയയുടെ മരണത്തിൽ അന്വേഷണം വേണമെന്ന ഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എൻ ഖൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിരവരുടെ ബഞ്ച് 45ആം ഇനമായിട്ടാവും ബി എച്ച് ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുക.
ഈ കേസ് നേരത്തെ കേട്ട ജസ്റ്റിസുമാരായ അരുൺ മിശ്ര, മോഹൻ എം ശാന്തനഗൗഡർ എന്നിവർ ഉൾപ്പെട്ട ബഞ്ച് മെഡിക്കൽ രേഖകൾ ഹാജരാക്കാൻ മഹാരാഷ്ട്ര സർക്കാരിന് നിർദ്ദേശം നല്‍കിയിരുന്നു. ഈ രേഖകൾ ഹർജിക്കാരെ കാണിക്കാൻ ആവശ്യപ്പെട്ട ജസ്റ്റിസ് അരുൺ മിശ്ര എന്നാൽ കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റണം എന്നും ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസിൻറെ കോടതിയിലാണ് ഇനി എല്ലാ ശ്രദ്ധയും. ജസ്റ്റിസ് അരുൺ മിശ്രയോടൊപ്പം കേസ് കേട്ടിരുന്ന ജസ്റ്റിസ് എംഎം ശാന്തന ഗൗഡറെ എതിർപ്പുയർത്തിയ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് കുര്യൻ ജോസഫിൻറെ ബഞ്ചിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലോയ കേസിലെ ഹർജിക്കാരായ തെഹ്സീൻ പൂനാവാല, ബന്ധുരാജ് സംബാജ് ലോനെ എന്നിവരുടെ താല്പര്യം സംശയകരമാണെന്ന റിപ്പോർട്ട് പുറത്തു വന്നു.
ലോയയുടെ ബന്ധുക്കളുടെ സംശയം ആദ്യം പുറത്തുവിട്ട മാസികയാണ് ഈ റിപ്പോർട്ടും നല്കിയത്. ബന്ധുരാജ് സംഭാജി ലോനെ മുംബൈയിലെ ബിജെപി എംഎൽഎയുടെ സഹായി ആയി പ്രവർത്തിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. തെഹ്സീൻ പൂനാവാല കേസിൽ ആദ്യം ബഞ്ചുമാറ്റം ആവശ്യപ്പെടാൻ വിസമ്മതിച്ചു എന്ന് അഭിഭാഷകൻ ദുഷ്യന്ത് ദാവെ വെളിപ്പെടുത്തുന്നു. ഇതിന് സമാനമായ നിലപാട് തെഹ്സീൻ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞിരുന്നു.
