കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ അഴിമതി നടന്നുവെന്ന പരാതിയെ തുടര്‍ന്ന് സി.ബി.ഐ എടുത്ത കേസിലാണ് ഉന്നതരെ സഹായിക്കാന്‍ അന്ന് ഡയറ്ടറായിരുന്ന രഞ്ജിത് സിന്‍ഹ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപണമുയര്‍ന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ രഞ്ജിത്ത് സിന്‍ഹ ശ്രമിച്ചുവെന്നതിന് പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സിന്‍ഹക്കെതിരെ അന്വേഷണം നടത്താനും ജസ്റ്റിസ് എം.ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. കഴിഞ്ഞ ജൂലൈ പന്ത്രണ്ടിന് സി.ബി.ഐയിലെ മുന്‍ ഉദ്യോഗസ്ഥനായ എം.എല്‍ ശര്‍മ്മ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. 

കല്‍ക്കരിക്കേസിലെ പ്രതികളുള്‍പ്പടെയുള്ളവര്‍ രഞ്ജിത് സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയതായി കോടതിയെ സമീപിച്ച അഡ്വ. പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിന്‍ഹയുടെ സന്ദര്‍ശക ഡയറിയും പരിശോധിച്ചു. സിന്‍ഹക്കെതിരായ കേസ് സി.ബി.ഐയുടെ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഉത്തരവ്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണം. പുറത്ത് നിന്നുള്ള മറ്റൊരു സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കേണ്ടതില്ലെന്നും പുതിയ ഡയറക്ടര്‍ വന്ന സ്ഥിതിക്ക് സി.ബി.ഐ നിഷ്പക്ഷമായി അന്വേഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി.