മാനസിക , ശാരീരിക വളര്‍ച്ചയെ ബാധിക്കുന്ന ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നല്‍കിയ അപേക്ഷ സുപ്രീംകോടതി തള്ളി. 26 ആഴ്ച പ്രായമുള്ള ഭ്രൂണത്തെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കില്ലെന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് അപേക്ഷ തള്ളിയത്. ഹര്‍ജി തള്ളിയെങ്കിലും മാനസീക ശാരീരിക വൈകല്യമുള്ള കുട്ടിയെ വളര്‍ത്തുക ഒരു അമ്മയെ സംബന്ധിച്ചെടുത്തോളം ഏറ്റവും ദു:‌ഖകരമായ കാര്യമാണെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.

ഇരുപത്തി ആറ് ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണത്തെ ഗര്‍ഭഛിദ്രം നടത്താന്‍ അനുവദിക്കണമെന്നായിരുന്ന മഹാരാഷ്‌ട്രയില്‍നിന്നുള്ള 37 കാരിയുടെ ആവശ്യം. മാനസീക ശാരീരിക വളര്‍ച്ചയെ ബാധിക്കുന്ന ഡൗണ്‍ സിന്‍ഡ്രോം ഗര്‍ഭസ്ഥശിശുവിനെ ബാധിച്ചുവെന്നും പ്രസവം അമ്മയുടെ ജീവന് തന്നെ ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി അപേക്ഷ നല്‍കിയത്. ജസ്റ്റീസ് എസ് എ ബോധ്ലെ, ജസ്റ്റീസ് എല്‍എന്‍ റാവു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് യുവതിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി. പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കില്ലെന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് അപേക്ഷ തള്ളിയത്. യുവതിയുടെ അപേക്ഷയെ കേന്ദ്ര സര്‍ക്കാരും കോടതിയില്‍ എതിര്‍ത്തു. മുംബൈ കെഇഎം ആശുപത്രിയിലെ ഡോക്ടര്‍മാരായിരുന്നു കോടതി നി‍ര്‍ദേശപ്രകാരം ഗര്‍ഭിണിയെ പരിശോധിച്ചത്. ഹര്‍ജി തള്ളിയെങ്കിലും മാനസിക ശാരീരിക വൈകല്യമുള്ള കുട്ടിയെ വളര്‍ത്തുക ഒരു അമ്മയെ സംബന്ധിച്ചെടുത്തോളം ഏറ്റവും ദു‌ഖകരമായ കാര്യമാണെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. പ്രസവം ജീവന് ഭീഷണിയാകുമെന്ന കാരണത്താല്‍ 24 ആഴ്ച പ്രായമായ ഭ്രൂണം അലസിപ്പിക്കാന്‍ 22 കാരിയെ കഴി‌‌ഞ്ഞ ജനുവരിയില്‍ സുപ്രീം കോടതി അനുവദിച്ചിരുന്നു. 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമപ്രകാരം 20 ആഴ്ചയില്‍ കൂടുതല്‍ വളര്‍ച്ചയെത്തിയ ഭ്രൂണം ഏത് സാഹചര്യത്തിലും ഗര്‍ഭഛിത്രം നടത്തുന്നത് കുറ്റമാണ്. ഈ നിയമം മറികടന്നാണ് പ്രത്യേക സാഹചര്യങ്ങളില്‍ ഭ്രൂണം അലസിപ്പിക്കാന്‍ കോടതി അനുമതി നല്‍കുന്നത്.