ജമ്മു കശ്മീരിൽ സൈന്യത്തിന് നേരെ കല്ലേറുൾപ്പടെയുള്ള ആക്രമണങ്ങളിലൂടെ സൈനികരുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നുവെന്ന് ഹർജിക്കാർ സുപ്രീം കോടതിയിൽ വാദിച്ചു.
ശ്രീനഗർ: ജമ്മു കശ്മീരിലെ സൈനികരുടെ മനുഷ്യാവകാശം സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രിം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. രണ്ടു സൈനികരുടെ മക്കൾ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചത്.
സൈനികരുടെ മക്കളായ 19 വയസ്സുകാരി പ്രീതി കേദാർ ഗോഖലെയും 20 കാരി കാജൾ മിശ്രയുമാണ് അതിർത്തി കാക്കുന്ന സൈനികരുടെ സംരക്ഷണത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. ജമ്മു കശ്മീരീൽ സൈന്യത്തിന് നേരെ കല്ലേറുൾപ്പടെയുള്ള ആക്രമണങ്ങളിലൂടെ സൈനികരുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നുവെന്ന് ഹർജിക്കാർ സുപ്രീം കോടതിയിൽ വാദിച്ചു.
ജമ്മു കശ്മീരിലെ ഷോപ്പിയാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സൈനികർ ഭീകരവാദികളിൽ നിന്നും പ്രദേശവാസികളിൽ നിന്നും ഒരുപോലെ ഭീഷണി നേരിടുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിനായി സേവനമനുഷ്ഠിക്കുന്ന സൈനികർ നിരന്തരമായി പ്രതിഷേധക്കാരുടെ കല്ലേറിന് വിധേയമാകുന്ന സ്ഥിതി അവസാനിപ്പിക്കണെമന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
