കെഎസ്ആ‌‌‍ർടിസി കേസിൽ മാനേജ്മെന്‍റിന് സുപ്രീം കോടതിയുടെ രൂക്ഷ വിമ‌ർശനം.മാനേജ്മെന്‍റിന്‍റെ പിടിപ്പ്കേടിന് തൊഴിലാളികളെ ബലിയാടാക്കരുതെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ശരിയായ രീതിയിലായിരുന്നില്ലെങ്കിൽ എന്തിനാണ് ജീവനക്കാരെ നിയമിച്ചതെന്നും ചോദിച്ചു.

ദില്ലി: കെഎസ്ആ‌‌‍ർടിസി കേസിൽ മാനേജ്മെന്‍റിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. മാനേജ്മെന്‍റിന്‍റെ പിടിപ്പ്കേടിന് തൊഴിലാളികളെ ബലിയാടാക്കരുതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക് തുടങ്ങിയ തസ്തികകളിൽ നിയമനം സ്ഥിരപ്പെട്ടവരുടെ പെൻഷൻ കണക്കാക്കാൻ ദിവസ വേതന കാലയളവും ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആർടിസി നൽകിയ ഹ‍ർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.

പെൻഷന് താൽക്കാലിക ജീവനക്കാരായിരുന്ന കാലം പരിഗണിക്കാനാകില്ലെന്ന് കെഎസ്ആർടിസി സുപ്രീം കോടതിയിൽ അറിയിച്ചു. താൽക്കാലിക ജീവനക്കാരായി പലരെയും നിയമിച്ചത് ശരിയായ രീതിയിലായിരുന്നില്ലെന്ന് കെഎസ‌്ആർടിസി അറിയിച്ചപ്പോൾ അങ്ങനെ എന്തിനാണ് ജീവനക്കാരെ നിയമിച്ചതെന്ന് ചോദിച്ച കോടതി കേസിൽ സംസ്ഥാന സർക്കാരിനെ കൂടി കക്ഷി ചേർത്തു. കേസിൽ തീരുമാനം ജീവനക്കാർക്ക് അനുകൂലമായാൽ പെൻഷൻ നൽകാൻ സർക്കാരിന്റെ സഹായം വേണ്ടിവരുമെന്ന‌് സുപ്രീം കോടതി നിരീക്ഷിച്ചു.