ദില്ലി: അയോധ്യ കേസ് ബാബറി മസ്ജിദ് തകര്‍ത്തതിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികദിനമായ ഡിസംബര്‍ അഞ്ചിന് സുപ്രീംകോടതി വീണ്ടും കേള്‍ക്കും. അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള 13 അപ്പീല്‍ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ തീരുമാനം. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ്.എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് വാദം കേട്ടത്.
രാംലാല ട്രസ്റ്റ്, നിര്‍മോഹി അഖാഡ, സുന്നി വഖഫ് ബോര്‍ഡ് എന്നിവയക്ക് തര്‍ക്ക ഭൂമി വീതിച്ച് നല്‍കാനാണ് അലഹബാദ് ഹൈക്കോടതിയുടെ ലകനൗ ബെഞ്ച് 2010 സെപ്റ്റംബറില്‍ വിധിച്ചത്. എന്നാല്‍ കേസിലെ കക്ഷികള്‍ ആരും ആവശ്യപ്പെടാത്ത തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി വിധി 2001 മെയില്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് അപ്പീല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ബാബ്റി മസ്ജിദിന് മേല്‍ അവകാശം ഉന്നയിച്ച് ഉത്തര്‍പ്രദേശ് ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു. പ്രശ്നപരിഹാരത്തിനായി രാമക്ഷേത്രത്തില്‍ നിന്ന് കുറച്ച് അകലെയായി മുസ്ലികള്‍ക്ക് സ്വാധീനമുള്ള സ്ഥലത്ത് പള്ളി നിര്‍മിച്ചാല്‍ മതിയെന്ന് ഷിയ വഖഫ് ബോര്‍ഡ് കോടതിയെ അറിയിച്ചു. അതേസമയം കേസില്‍ പരാതിക്കാരനാകണമെന്ന ബിജെപി നേതാവ് സുബ്രമണ്യസ്വാമിയുടെ അപേക്ഷ കോടതി തള്ളി. നിലവിലുള്ള പരാതികളില്‍ വാദം കേട്ടശേഷം ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
കേസുമായ് ബന്ധപ്പെട്ട രേഖകള്‍ മൂന്ന് മാസത്തിനകം പരിഭാഷപ്പെടുത്താന്‍ സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഏഴ് വര്‍ഷത്തോളമായിട്ടും രേഖകള്‍ പരിഭാഷപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സംസ്കൃതം. പാലി, അറബിക്, ഉറുദു ഭാഷകളിലുള്ള 8000 പേജിലധികം വരുന്ന 533 രേഖകളാണ് തര്‍ജമ ചെയ്യേണ്ടത്. വര്‍ഷങ്ങളായി കെട്ടികിടക്കുന്ന കേസ് വേഗത്തില്‍ തീര്‍പ്പാക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം.
