കോഴിക്കോട് കല്ലാച്ചിയിലെ വിദ്യാര്‍ത്ഥികളായ സഹോദരിമാരുടെ അനുഭവം വിരല്‍ ചൂണ്ടുന്നത് ബാങ്കുകളുടെ ഈ ഗൂഡനീക്കത്തിലേക്കാണ്. അമ്മയുടെ ചികിത്സക്ക് ലക്ഷങ്ങള്‍ ചെലവായതിനാൽ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഇവരെ വീട്ടില്‍ നിന്നിറക്കാന്‍ ബാങ്ക് അധികൃതരെത്തി

കോഴിക്കോട്: മാനുഷിക പരിഗണന പോലും നല്‍കാതെയാണ് സര്‍ഫാസി നിയമം ഉപയോഗിച്ച് കടബാധിതരെ കുടിയിറക്കാന്‍ ബാങ്കുകളുടെ നീക്കം. കോഴിക്കോട് കല്ലാച്ചിയിലെ വിദ്യാര്‍ത്ഥികളായ സഹോദരിമാരുടെ അനുഭവം വിരല്‍ ചൂണ്ടുന്നത് ബാങ്കുകളുടെ ഈ ഗൂഡനീക്കത്തിലേക്കാണ്. അമ്മയുടെ ചികിത്സക്ക് ലക്ഷങ്ങള്‍ ചെലവായതിനാൽ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഇവരെ വീട്ടില്‍ നിന്നിറക്കാന്‍ ബാങ്ക് അധികൃതരെത്തി

പേടിച്ചരണ്ടിരിക്കുകയാണ് ഈ സഹോദരിമാര്‍. ഏത് നിമിഷവും ജപ്തിയുണ്ടാകാമെന്ന ഭീതിയിലാണ് നിരാലംബരായ ഈ പെണ്‍കുട്ടികള്‍. കഴിഞ്ഞ 14 ന് മുന്നറിയിപ്പില്ലാതെയെത്തിയ എസ്ബിഐ ചീക്കുന്നമ്മല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ മുത്തശിയുമായി വീട്ടില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടത് അത്രമേല്‍ ഇവരുടെ മനസിനെ മുറിവേല്‍പിച്ചിട്ടുണ്ട്. അച്ഛന്‍ വിദേശത്തായതിനാല്‍ മുത്തശി മാത്രമേ ഇവര്‍ക്ക് തുണയുള്ളൂ. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ നടപടികള്‍ മുടങ്ങിയെങ്കിലും പിന്നോട്ടില്ലെന്നറിയിച്ചാണ് സംഘം മടങ്ങിയത്.

2011 ല്‍ വീടിന്‍റെ അറ്റകുറ്റപണികള്‍ക്ക് വേണ്ടിയാണ് ഇവരുടെ അച്ഛന്‍ അശോകന്‍ എസ്ബിഐയില്‍ നിന്ന് 7 ലക്ഷം രൂപ വായ്പയെടുത്തത്. അമ്മ നിഷക്ക് ക്യാന്‍സര്‍ ബാധിച്ചതോടെ വീട് പണിക്കെടുത്ത തുക വിദഗ്ധ ചികിത്സക്ക് ചെലവായി. വായ്പ മുടങ്ങി സര്‍ഫാസിയില്‍ പെട്ട കുടുംബത്തിന്‍റെ ബാധ്യത പതിനൊന്ന് ലക്ഷത്തോളം രൂപയാണ്. കടബാധ്യത തീര്‍ക്കാന്‍ അടുത്തിടെ വിദേശത്തേക്ക് പോയ അശോകന് ശമ്പളവും കൃത്യമായി കിട്ടുന്നില്ല.

വീടിന് പുറത്തിറങ്ങാന്‍ പോലും ഇപ്പോള്‍ ഈ കുട്ടികള്‍ക്ക് ഭയമാണ്. മൂത്തയാള്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്, ഇളയകുട്ടി ഏഴാംക്ലാസില്‍ പഠിക്കുന്നു.