ദില്ലി: വീണ്ടും സര്‍ജിക്കല്‍ സ്‌ട്രെക്ക് മോഡല്‍ തിരിച്ചടി ഇന്ത്യ നടത്തുമെന്ന സൂചന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ശത്രുരാജ്യങ്ങള്‍ക്ക് അതിര്‍ത്തി കടന്ന് തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് മടിയില്ലെന്ന കാര്യം പലതവണ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. സ്വന്തം മണ്ണില്‍ നിന്ന് മാത്രമല്ല അതിര്‍ത്തി കടന്ന് ശത്രുക്കളുടെ തട്ടകത്തില്‍ കയറി ആക്രമിക്കുന്നതിനും ഇന്ത്യക്ക് മടിയിലെന്ന് അദേഹം പറഞ്ഞു.

‘കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് പിന്നില്‍ നിന്നാക്രമിക്കുന്ന ഭീരുത്വപരമായ നിലപാട് പാകിസ്ഥാന്‍ സ്വീകരിച്ചിരുന്നു. അന്ന് നമ്മുടെ 17 സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാകിസ്ഥാന് തക്ക മറുപടി നല്‍കാന്‍ നമ്മള്‍ തീരുമാനിച്ചു. അവരുടെ സ്ഥലത്തു തന്നെ ചെന്ന് ഇന്ത്യയുടെ ചുണക്കുട്ടികള്‍ അത് വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു’- രാജ്‌നാഥ് സിംഗ് പറഞ്ഞു.

അയല്‍ക്കാരുമായി സൗഹൃദപരമായ ബന്ധമാണ് ഇന്ത്യ എന്നും ആഗ്രഹിക്കുന്നതെന്നും എന്നാല്‍ തെറ്റ് തിരുത്തി നേരായ പാതയില്‍ വരുന്നതിന് പാകിസ്ഥാന്‍ ഒരുക്കമല്ല എന്നതാണ് അവരുടെ പ്രവര്‍ത്തികള്‍ സൂചിപ്പിക്കുന്നത്. ഇനിയും പ്രകോപനമുണ്ടായാല്‍ ഇന്ത്യല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.