ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. മോചനത്തിന് അപേക്ഷിക്കുന്ന വീഡിയോ കണ്ടെന്ന് എല്ലാ ഇന്ത്യക്കാരുടെയും ജീവന്‍ സര്‍ക്കാരിന് പ്രധാനപ്പെട്ടതാണെന്നും സുഷമാ സ്വരാജ് പറഞ്ഞു.

താന്‍ ഒരിന്ത്യക്കാരനായതിനാലാണ് മോചനത്തിന് ആരും താല്‍പര്യം കാണിക്കാത്തതെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍ കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോയില്‍ പരാതിപ്പെടുന്നുണ്ട്. വീഡിയോ സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കും എന്നായിരുന്നു കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ പ്രതികരണം. ഇന്ന് വീഡിയോയുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിക്കാതെയാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രതികരിച്ചിരിക്കുന്നത്. ഫാദര്‍ ടോം ഉഴുന്നാലിലിന്റെ വീഡിയോ കണ്ടു എന്ന് സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. ടോം ഉഴുന്നാലില്‍ ഒരിന്ത്യന്‍ പൗരനാണ്. എല്ലാ ഇന്ത്യക്കാരുടെയും ജീവന്‍ സര്‍ക്കാരിന് ഏറെ പ്രധാനപ്പെട്ടതാണെന്ന് സുഷമ പറഞ്ഞു. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ തേടി. ഇനിയും ശ്രമം തുടരുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. അഫഗാനിസ്ഥാനില്‍ നിന്ന് ഫാദര്‍ അലക്‌സി പ്രേമിനെയും ജൂഡിത്ത് ഡിസൂസയേയും മോചിപ്പിച്ച കാര്യം സുഷമാ സ്വരാജ് ഓര്‍മ്മിപ്പിച്ചു. യെമനില്‍ ഒരു കേന്ദ്ര അതോറിറ്റി ഇല്ലാത്തതും തീവ്രവാദികളെ നേരിട്ട് ബന്ധപ്പെടാന്‍ കഴിയാത്തതും കേന്ദ്ര സര്‍ക്കാര്‍ മോചനത്തിനുള്ള തടസ്സമായി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും തന്നെ ബന്ദിയാക്കിയവര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടു എന്ന് വീഡിയോയില്‍ ടോം ഉഴുന്നാലില്‍ പറയുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ യെമനീസ് അധികൃതരുമായി വീണ്ടും ബന്ധപ്പെടും. തീവ്രവാദികളുമായി നേരിട്ട് സംസാരിക്കാന്‍ ഇതുവരെ ഇന്ത്യയ്‌ക്കായിട്ടില്ല. ഇതിന് കഴിഞ്ഞാലേ മോചനത്തിനുള്ള ശ്രമം മുന്നോട്ടു കൊണ്ടുപോകാനാവു. എന്തായാലും ഫാദര്‍ ടോം ഉഴുന്നാലിന്റെ വീഡിയോയില്‍ സര്‍ക്കാരിനും വിമര്‍ശനമുള്ള സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രി അടിയന്തരമായി ഇടപെട്ടത്.