ഉക്രയിനിലെ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുമ്പോള്‍ ഇനി ജലക് തോമറിന്റെ പരിശ്രമം മുഴുവന്‍ സുഷമ സ്വരാജിന് നല്‍കിയ വാക്ക് പാലിക്കാനാവും. അന്തര്‍ദേശീയ മല്‍സരത്തില്‍ പങ്കെടുക്കാന്‍ കിട്ടിയ അവസരം പാസ്പോര്‍ട്ട് ലഭിക്കാനുള്ള താമസത്തെ തുടര്‍ന്ന് നഷ്ടപ്പെടുമായിരുന്ന ഘട്ടത്തിലാണ് വിദേശകാര്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാവുന്നത്. പാസ്പോര്‍ട്ട് അനുവദിച്ചതിന് ശേഷം ഒരു നിബന്ധനയുണ്ടെന്ന് ഇന്ത്യന്‍ ബോക്സിങ് താരത്തോട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.

 ഉക്രയിനില്‍ നടക്കുന്ന അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പാസ്പോര്‍ട്ട് അനുവദിക്കണമെന്ന ബോക്സിങ് താരത്തിന്റെ അപേക്ഷയ്ക്കാണ് സുഷമ സ്വരാജ് നിബന്ധന വച്ചത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ നഗര്‍ സ്വദേശിനിയായ ബോക്സിങ് താരമായ ജലക് തോമറിനോടാണ് സുഷമയുടെ നിബന്ധന.

Scroll to load tweet…

ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ 54 കിലോഗ്രാം വിഭാഗത്തില്‍ മെഡല്‍ നേടിയ ജലക് തോമറിനാണ് ഉക്രയിനില്‍ നടക്കുന്ന അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് പാസ്പോര്‍ട്ട് തടസമായത്. പാസ്പോര്‍ട്ട് അടിയന്തിരമായി അനുവദിച്ച് നല്‍കണമെന്ന താരത്തിന്റെ അപേക്ഷ പരിഗണിക്കാന്‍ വിദേശകാര്യമന്ത്രി നിര്‍ദേശം നല്‍കി. ഒപ്പം താരത്തോട് രാജ്യത്തിനായി മെഡല്‍ വാങ്ങണമെന്ന നിര്‍ദേശവും. ട്വിറ്ററില്‍ നിന്ന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു സുഷമ സ്വരാജിന്റെ ഇടപെടല്‍. 

ഇതിന് മുമ്പും സമൂഹ മാധ്യമങ്ങിലൂടെ ഉന്നയിക്കപ്പെട്ടിട്ടുള്ള പല പ്രശ്നങ്ങള്‍ക്കും കൃത്യസമയത്തുള്ള സുഷമ സ്വരാജിന്റെ ഇടപെടല്‍ ദേശീയ തലത്തില്‍ അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്.