പാക്കിസ്ഥാൻ കേന്ദ്രീകൃതമായുള്ള ഭീകരവാദം ഐക്യരാഷ്ട്രസഭയിൽ വീണ്ടും ഉന്നയിക്കാനൊരുങ്ങി ഇന്ത്യ. ശനിയാഴ്ച്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയം ഉന്നയിക്കും. അതിനിടെ ജമ്മുകശ്‍മിരിൽ പാകിസ്ഥാന്‍റെ വെടിവയ്പ്പിൽ ഒരു നാട്ടുകാരൻ മരിച്ചു.

ജമ്മുകശ്‍മിര്‍ വിഷയം ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാൻ വീണ്ടും ഉന്നയിക്കാനൊരുങ്ങുമ്പോഴാണ് ഭീകരവാദത്തിനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്. ശനിയാഴ്ച്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ എഴുപത്തിരണ്ടാം സമ്മേളനത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്ഥാൻ കേന്ദ്രീകൃതമായുള്ള ഭീകരവാദത്തിനെതിരെ സംസാരിക്കും. ജെയ്ഷെ മുഹമ്മദ് തലവൻ മഹ്മൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ചൈനയുടെ എതിര്‍പ്പാണ് ഇന്ത്യക്കു മുന്നിലെ വെല്ലുവിളി.

ജമ്മു കശ്‍മീര്‍ തര്‍ക്കം വീണ്ടും ഉന്നയിച്ച് പാക്കിസ്ഥാൻ സമയം പാഴാക്കുകയാണെന്നും സയ്യിദ് അക്ബറുദ്ദീൻ പറ‌ഞ്ഞു. നാളെ ന്യൂയോര്‍ക്കിലേക്ക് തിരിക്കുന്ന സുഷമ സ്വരാജ് ഷാങ്ഹായ് ഉച്ചകോടിയിലും സാര്‍ക്ക് രാജ്യങ്ങളുടെ സമ്മേളനത്തിലും പങ്കെടുക്കും. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫും യുഎന്നിൽ സംസാരിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം ജമ്മുകശ്മീരിൽ സന്ദര്‍ശനം തുടരുന്നതിനിടെ പാക്കിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു. അര്‍ണിയയിൽ ഒരു നാട്ടുകാരൻ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. അതിനിടെ ലഷ്കറെ തൈബയുടെ പുതിയ മേധാവിയായി ഷോപ്പിയാൻ സ്വദേശി സീനത്തുൽ ഇസ്ലാം ചുമതലയേറ്റെടുത്തു.