കൊല്‍ക്കത്ത: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കശാപ്പുകാരന്‍ യുവാവിനെ കൊന്ന ശേഷം മൃതദേഹം വെട്ടിനുറുക്കി വരമ്പില്‍ താഴ്ത്തി. പശ്ചിമ ബംഗാളിലെ പര്‍ഗനാസ് ജില്ലയിലെ നോര്‍ത്ത്24ലാണ് സംഭവം. അബ്ദുല്‍ ഹസന്‍(26) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സക്കീര്‍ ഹുസൈന്‍ (45) ഇയാളുടെ ഭാര്യ മര്‍ജിന ബീബി(36)എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
 
നവംബർ അഞ്ചിനാണ് അബ്ദുള്‍ ഹസ്സനെ കാണാനില്ലാത്ത വിവരം അയല്‍വാസികള്‍ പൊലീസില്‍  അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹസ്സന്റെ മൃതദേഹം സമീപ പ്രദേശത്തെ വരമ്പിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഹസനും മര്‍ജിനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സക്കീര്‍ നിരന്തരം വഴക്കിടുമായിരുന്നു. ക്ഷുഭിതനായ സക്കീർ സംഭവദിവസം ഹസനെ തന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയ ശേഷം ശരീരം ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് വെട്ടി നുറുക്കി അടുത്തുള്ള വരമ്പില്‍ കുഴിച്ചിടുകയുമായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അബ്ദുള്‍ ഹസന്റെ തലയും മറ്റ് ശരീരഭാഗങ്ങളും വിവിധ സ്ഥലങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് ശരീരം വെട്ടി നുറുക്കിയതെന്ന് സക്കീര്‍ പൊലീസിൽ മൊഴി നൽകി. ദമ്പതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.