മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയോ സുഷമ സ്വരാജോ എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബിജെപി കേന്ദ്രങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് റാം നാഥ് കോവിന്ദ് രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്യുന്നത്. എന്തുകൊണ്ടാണ് എല്‍ കെ അദ്വാനിയെ രാഷ്‌ട്രപതിയാക്കേണ്ടതില്ലെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്? അതിനുള്ള ഉത്തരവുമായി കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് രംഗത്തെത്തി. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളതിനാല്‍ അദ്വാനി തന്നെ സ്വയം പിന്മാറുകയായിരുന്നുവെന്നാണ് സ്വാമി ചിന്മയാനന്ദ് പറയുന്നത്. അദ്വാനി രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റായിരുന്നുവെന്നും സ്വാമി ചിന്മയാനന്ദ് പറഞ്ഞു. അയോധ്യ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും മറുപശം അതിന് തയ്യാറാകുന്നില്ലെന്നും സ്വാമി ചിന്മയാനന്ദ് കുറ്റപ്പെടുത്തി. ഇന്ത്യ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.