കളി തീരുമ്പോളുളള കണക്കില്‍ നെയ്മര്‍ക്ക് നേരെ പത്ത് ഫൗളുകള്‍. ലോകകപ്പില്‍ ഇതിന് മുമ്പ് ഒരു താരം ഇത്രയധികം ഫൗളുകള്‍ക്ക് വിധേയനായത് 1998ലാണ്.

മോസ്കോ: സ്വിസ് താരങ്ങളുടെ പരുക്കന്‍ കളിയുടെ ഇരയായി, കളിയിലുടനീളം നെയ്മര്‍. മത്സരത്തില്‍ ബ്രസീലിന്റെ താളം തെറ്റിയതും നെയ്മറെ തുടര്‍ച്ചയായി ഫൗള്‍ ചെയ്തതോടെയാണ്. വെറോ ബെറാമിയുടെയും ലിച്ചിന്‍സ്റ്റൈറുടെയും പരുക്കന്‍ അടവുകളില്‍ നെയ്മര്‍ വീഴുമ്പോഴെല്ലാം ബ്രസീല്‍ യുവാന്‍ സുനിഗയെ ഓര്‍ത്തു. നാലുവര്‍ഷം മുമ്പുളള നടുക്കുന്ന ലോകകപ്പ് ഓര്‍മ.

നെയ്മര്‍ പൂര്‍ണ സജ്ജനല്ലെന്ന് നേരത്തെ പറഞ്ഞ ടിറ്റെ ആദ്യ ഇലവനില്‍ സൂപ്പര്‍ സ്ട്രൈക്കറെ ഇറക്കി.നാല് പേരാണ് നെയ്മറെ വളഞ്ഞത്. സ്വതസിദ്ധമായ കളിയിലേക്കെത്താനാകാതെ നെയ്മര്‍ വലഞ്ഞു. പാസുകള്‍ പോലും പാളി. തുടര്‍ച്ചയായി വീണു. അപകടം മണത്ത് നെയ്മറെ ടിറ്റെ പിന്‍വലിക്കുമെന്ന് തോന്നി.

Scroll to load tweet…

എന്നാലതുണ്ടായില്ല. കളി തീരുമ്പോളുളള കണക്കില്‍ നെയ്മര്‍ക്ക് നേരെ പത്ത് ഫൗളുകള്‍. ലോകകപ്പില്‍ ഇതിന് മുമ്പ് ഒരു താരം ഇത്രയധികം ഫൗളുകള്‍ക്ക് വിധേയനായത് 1998ലാണ്. ഇംഗ്ലണ്ടിന്റെ അലന്‍ ഷിയററെ ടുണീഷ്യന്‍ പ്രതിരോധം അന്ന് കുരുക്കിയത് 11 തവണ. 1966 ബള്‍ഗേറിയ പെലെയെ തുടര്‍ ഫൗളുകളില്‍ വീഴ്ത്തിയ ശേഷം ഒരു ബ്രസീലിയന് സ്ട്രൈക്കര്‍ക്ക് സമാന അനുഭവം ഇതാദ്യം.

ഗോല്‍ പോസ്റ്റിലേക്ക് നെയ്മര്‍ ഒരു ഷോട്ടുതിര്‍ക്കുന്നത് എഴുപത്തിയേഴാം മിനിറ്റില്‍. അതു തന്നെ പറയും സ്വിസ് പ്രതിരോധത്തിന്റെ കരുത്ത്. വരും മത്സരങ്ങളിലും നെയ്മറെന്ന അപകടം തടയാന്‍ സമാന അടവുകളിറങ്ങുമെന്നുറപ്പാണ്. മറികടക്കാന്‍ എന്ത് വഴിയുണ്ടാകുമെന്ന് കാണണം.