കോലഞ്ചേരി സിന്തൈറ്റ് കമ്പനിയിലെ തൊഴിലാളി സമരം ഒത്തുതീർന്നു.
കൊച്ചി: കോലഞ്ചേരി സിന്തൈറ്റ് കമ്പനിയിലെ തൊഴിലാളി സമരം ഒത്തുതീർന്നു. ലേബർ കമ്മീഷണർ നടത്തിയ ചർച്ചയിലാണ് 11 ദിവസമായി നടന്നുവന്ന സമരം ഒത്തുതീർന്നത്. 10 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കാനും ചര്‍ച്ചയില്‍ തീരിമാനമായി. കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റിയ 17 ജീവനക്കാരിൽ 3 പേരുടെ സ്ഥലമാറ്റം ഒഴിവാക്കി. ബാക്കി 14 പേരിൽ 4 പേരെ നാല് മാസത്തിനുള്ളിൽ തിരിച്ചു കൊണ്ടുവരും.
സ്ഥലം മാറ്റിയ മറ്റ് 10 തൊഴിലാളികളെ വിരമിക്കൽ ഒഴിവുവരുന്ന മുറയ്ക്ക് കോയമ്പത്തൂരിൽ നിന്നും തിരികെ കൊണ്ടുവരാനും തീരിമാനമായി. പ്രതികാര നടപടി ഉണ്ടാകില്ലെന്ന് മാനേജ്മെന്‍റ് ഉറപ്പുനല്‍കി. നാളെ മുതല്‍ സമരം ചെയ്യുന്ന തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിക്കും. സിഐടിയു യൂണിയനിലെ 17പേരെ കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റിയ കമ്പനി നടപടിക്കെതിരെയാണ് തൊഴിലാളികള്‍ സമരം നടത്തിയത്.
