ദമാസ്കസ്: താത്കാലിക വെടിനിർത്തൽ കരാർലംഘിച്ച് സിറിയയിൽ സൈന്യത്തിന് നേരെ വിമതരുടെ ശക്തമായ വ്യോമാക്രമണം. ആക്രമണത്തിൽ 62 സിറിയൻ സൈനികർ മരിച്ചതായാണ് റിപ്പോർട്ട്. അമേരിക്കയുടെ പിന്തുണയോടെയാണ് ആക്രമണെന്നും ശക്തമായി തിരിച്ചടിക്കേണ്ടിവരുമെന്നും റഷ്യ കുറ്റപ്പെടുത്തി
സിറിയയിൽ താത്കാലിക വെടിനിർത്തൽ കരാർ നിലവിൽ വന്ന് അഞ്ചാംദിവസവും സ്ഥിഗതികൾക്ക് യാതൊരു മാറ്റവുമില്ലാത്ത അവസ്ഥയാണ്. വിമതരും സിറിയൻ സൈനികരും തമ്മിലുളള പോരിനൊപ്പം അമേരിക്ക- റഷ്യ ഭിന്നതയും മറനീക്കി പുറത്തുവരുന്നു.
ദേർ അൽ സോർ വിമാനത്താവളത്തിന് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. മണിക്കൂറുകൾ നീണ്ട ആക്രമണത്തിൽ 62 സൈനികർക്ക് ജീവൻ നഷ്ടമായെന്നും നൂറിലേറെ പേർക്ക് പരിക്കേറ്റെന്നും റഷ്യൻ സൈനിക വക്താവ് അറിയിച്ചു. മാനുഷിക പരിഗണനയുടെ പേരിൽ അമേരിക്ക വിമതർക്കു നൽകുന്ന പിന്തുണ പിൻവലിക്കണമെന്ന് റഷ്യ ആവർത്തിച്ചു. നിലവിലെ സംഭവത്തിന് പൂർണ ഉത്തരവാദി അമേരിക്കയാണെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
സ്ഥിതിഗതികൾ വിലയിരുത്താൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതി അടിയന്തിര യോഗം ചേരണമെന്നാണ് റഷ്യയുടെ നിലപാട്. വിമതരോട് അമേരിക്ക അകലം പാലിച്ചില്ലെങ്കിൽ വ്യോമാക്രമണം തുടങ്ങേണ്ടിവരുമെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ. ബാഷർ അൽ അസദിനെ പിന്തുണക്കുന്ന റഷ്യയും വിമതരെ പിന്തുണക്കുന്ന അമേരിക്കയും മുൻകയ്യെടുത്ത് കഴിഞ്ഞയാഴ്ചയാണ് വെടിനിർത്തൽ കരാറിന് രൂപം നൽകിയത്. ഇതുപ്രകാരം അമേരിക്കൻ-റഷ്യൻ സംയുക്ത സൈന്യം വിമതരെ തുരത്തുന്നതിന് മുൻകൈയെടുക്കുമെന്നും കരാറിലുണ്ട്. എന്നാൽ അശാന്തി തുടരുന്ന അലെപ്പോ അടക്കമുളള പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കുന്നതിൽ നിന്ന് പിന്മാറാനാവില്ലെന്ന നിലപാടാണ് അമേരിക്കയുടെത്. സഹായത്തിന്‍റെ മറവിൽ ആക്രമണത്തിന് അമേരിക്ക കോപ്പുകൂട്ടുന്നുവെന്ന് റഷ്യ ആരോപിക്കുമ്പോൾ ചേരിതിരിഞ്ഞുളള യുദ്ധത്തിലേക്കാണ് കാര്യങ്ങളെത്തുന്നതെന്ന് നിരീക്ഷകർ ആശങ്കപ്പെടുന്നു.
