കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് സംബന്ധിച്ച് വിവാദങ്ങള്‍ക്ക് പുതിയ മാനം. സഭയിലെ ഒരു വിഭാഗം വൈദികർ പുതിയ സംഘടന രൂപീകരിച്ചു. വിശ്വാസികളുമായി ചേർന്നാണ് സംഘടന. സംഘടനയുടെ പ്രഥമയോഗം ഇന്നലെ കൊച്ചിയിൽ നടന്നു. ഭൂമി ഇടപാട് ഒതുക്കി തീർത്താൽ പരസ്യ പ്രക്ഷോഭം നടത്തുമെന്നും സംഘടന വ്യക്തമാക്കി.
സിറോ മലബാര്‍ സഭ സിനഡ് യോഗം ഇന്ന് സമാപിക്കാനിരിക്കുകയാണ്. ഭൂമി ഇടപാടില്‍ സിനഡ് നിയോഗിച്ച മെത്രാന്‍ സമതിയുടെ ഇടക്കാല റിപ്പോര്‍ട്ടും ഇന്ന് കൈമാറിയേക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സംരക്ഷിച്ചുള്ള റിപ്പോര്‍ട്ടായിരിക്കും സമര്‍പ്പിക്കുന്നതെന്ന് സൂചനകളുണ്ട്. ഈ സാഹചര്യത്തിലാണ് ഒരുവിഭാഗം വൈദികര്‍ കര്‍ക്കശ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
എറണാകുളം - അങ്കമാലി രൂപതയിലെ ഭൂമി വില്‍പ്പന വിവാദം സഭാ നേതൃത്വത്തെ പിടിച്ചുലയ്ക്കുന്നതിനിടെയാണ് സിനഡ് യോഗം ആരംഭിച്ചത്. എന്നാല്‍ ഭൂമി വിഷയം സിനഡില്‍ ചര്‍ച്ചയാക്കാതെ പ്രശനപരിഹാരത്തിന് അഞ്ചംഗ മെത്രാന്‍ സമിതിയെ നിയോഗിക്കുകയും റിപ്പോര്‍ട്ട് വേഗത്തില്‍ നല്‍കാന്‍ സിനഡ് ആവശ്യപ്പെടുകയുമായിരുന്നു.
ആര്‍ച്ച് ബിഷപ് മാത്യു മൂലക്കാടിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഇന്ന് സിനഡ് സമാപിക്കുന്നത് കണക്കിലെടുത്ത് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് അറിയുന്നത്. കര്‍ദിനാളിനെതിരെ ഗരുതരമായ കണ്ടത്തലുകള്‍ ഒന്നും ഇടക്കാല റിപ്പോര്‍ട്ടിലില്ലെന്നും സൂചനയുണ്ട്. ഭൂമി ഇടപാടിന്റെ പണം വാങ്ങിയെടുക്കുന്നതില്‍ ചില സൂക്ഷ്മതക്കുറവ് ഉണ്ടായെന്നുമാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്.
വൈദിക സമതി അംഗങ്ങളെയും നേരത്തെ പ്രശനം പഠിക്കാന്‍ വൈദിക സമതി നിയോഗിച്ച ആറംഗ കമ്മീഷന്‍ അംഗങ്ങളെയും കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സഭയിലെ പ്രശനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചത് ചില വൈദികരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലാണ് വൈദിക സമതി അംഗങ്ങള്‍, സാമ്പത്തിക പ്രശ്‌നം രമ്യമായി പരിഹരിക്കാമെങ്കിലും ധാര്‍മ്മിക പ്രശനം എങ്ങനെ പരിഹരിക്കുമെന്നാണ് ഇവരുടെ ചോദ്യം. ഉച്ചയോടെയാണ് സിനഡ് യോഗം സമാപിക്കുന്നത്. ഒപ്പം സിറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയുടെ വജ്രജൂപിലി ആഘോഷവും നടക്കുന്നുണ്ട്.
