അന്തരിച്ച തിരക്കഥാകൃത്ത് ടി എ റസാഖിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്‍ക്കുന്നതിനെ ചൊല്ലി ബന്ധുക്കള്‍ തമ്മില്‍ കലഹം. പൊതു ദര്‍ശനത്തിനായി കോഴിക്കോടെത്തിച്ച മൃതദേഹം രണ്ടാംഭാര്യയുടെ വീട്ടില്‍ കൂടി പൊതു ദര്‍ശനത്തിന് വച്ചശേഷം ജന്മനാട്ടിലേക്ക് കൊണ്ടുപോയാല്‍ മതിയെന്ന ഒരു വിഭാഗത്തിന്റെ ആവശ്യമാണ് പ്രശ്‍നങ്ങള്‍ക്ക് ഇടയാക്കിയത്. ഇതിനിടെ ടി എ റസാഖിന്റെ മരണം അറിഞ്ഞിട്ടും ചലച്ചിത്ര പ്രവര്‍ത്തകര്‍ കോഴിക്കോട് സ്റ്റേജ് ഷോ തുടര്‍ന്നതിനെ വിമര്‍ശിച്ച് സംവിധായകന്‍ അലി അക്ബറും രംഗത്തെത്തി.

കോഴിക്കോട് ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ കൊണ്ടോട്ടിയിലേക്ക് ഭൗതികശരീരം കൊണ്ടുപോകാനായിരുന്നു തീരുമാനം. ടി എ റസാഖിന്റെ സിനിമാ സുഹൃത്തുക്കളും, കൊണ്ടോട്ടിയിലെ ബന്ധുക്കളും ചേര്‍ന്നെടുത്ത തീരുമാനത്തെ ചോദ്യം ചെയ്‍ത് കണ്ണഞ്ചേരിയിലുള്ള ഭാര്യയുടെ ബന്ധുക്കളും അയല്‍ക്കാരും രംഗത്തെത്തി. കണ്ണഞ്ചേരിയിലുള്ള ഭാര്യയും മക്കളും അന്ത്യോപചാരം അര്‍പ്പിച്ച ശേഷം കൊണ്ടോട്ടിയിലുള്ള ഭാര്യയുടേയും മക്കളുടേയും അടുത്തേക്ക് മൃതദേഹം കൊണ്ടുപോയാല്‍ മതിയെന്നായിരുന്നു ഇവരുടെ ആവശ്യം. ഏറെ നീണ്ട അനുരഞ്ജന ചര്‍ച്ചകള്‍ക്കു ശേഷം കോഴിക്കോട് ടൗണ്‍ഹാളില്‍ നിന്ന് മൃതദേഹം കണ്ണഞ്ചേരിയിലേക്കും പിന്നീട് കൊണ്ടോട്ടിയിലേക്കും കൊണ്ടുപോകാന്‍ തീരുമാനമായതോടെയാണ് സംഘര്‍ഷാവസ്ഥയ്‍ക്ക് അയവ് വന്നത്. പൊതുദര്‍ശനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലും സുഹൃത്തുക്കള്‍ ടി എ റസാഖിന് അന്തിമോപചാരം അര്‍പ്പിച്ചു.

റസാഖിന്റെ മരണം അറിഞ്ഞിട്ടും സ്വപ്‍നനഗരിയില്‍ സംഘടിപ്പിച്ച സ്റ്റേജ് ഷോ തുടര്‍ന്നതിലും പ്രതിഷേധമുയര്‍ന്നു. പ്രമുഖ താരങ്ങളും സിനിമാപ്രവര്‍ത്തകരും പങ്കെടുത്ത പരിപാടിക്കെതിരെ ടൗണ്‍ഹാളില്‍ സംവിധായകന്‍ അലി അക്ബര്‍ പരസ്യമായി പ്രതിഷേധം അറിയിച്ചു.

അര്‍ധരാത്രിയില്‍ വളരെ കുറച്ച് സമയം മാത്രം മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചതിനാല്‍ കോഴിക്കോട്ടെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. കര്‍മ്മം കൊണ്ട് കോഴിക്കോടുകാരനായ ടി എ റസാഖിന്‍റെ വിടചൊല്ലല്‍ ചടങ്ങ് ഇത്തരത്തില്‍ വാഗ് വാദങ്ങള്‍ക്ക് വേദിയായത് അദ്ദേഹത്തെ സ്‍നേഹിക്കുന്നവരില്‍ വലിയ വേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്.