ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചിരുന്നെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിട്ട് മൂന്ന് വര്‍ഷത്തോളമായി. വാര്‍ത്തയെ തുടര്‍ന്ന് പൊലീസ് കേസ്സെടുത്തെങ്കിലും ഇതുവരെ കുറ്റപത്രം നല്‍കാനായിട്ടില്ല. ശാസ്‌ത്രീയ തെളിവുകള്‍ കിട്ടിയില്ലെന്നാണ് പൊലീസ് ഇതിന് നല്‍കുന്ന വിശദീകരണം.
രണ്ടായിരത്തി പന്ത്രണ്ട് മെയ് നാലിനാണ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. മൂന്ന് മാസത്തിനകം തന്നെ പ്രതികള്‍ പിടിയിലായി. കോഴിക്കോട് ജില്ല ജയിലിലാണ് പ്രതികളെ പാര്‍പ്പിച്ചത്. ജയിലിലെത്തി അധികം താമസിയാതെ തന്നെ പ്രധാന പ്രതികളില്‍ മിക്കവരും ഫോണും ഫേസ്ബുക്കും ഉപയോഗിച്ചു തുടങ്ങിയെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ അന്വേണത്തില്‍ കണ്ടെത്തി. ജയിലില്‍ പ്രതികള്‍ ഫോണും ഫേസ്ബുക്കും ഉപയോഗിക്കുന്ന വാര്‍ത്ത 2013 ഡിസംമ്പര്‍ രണ്ടിന് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടു. തുടര്‍ന്ന് പൊലീസ് മുഹമ്മദ് ഷാഫി ,കൊടി സുനി, അനൂപ്, കര്‍മാനി മനോജ് തുടങ്ങിയവര്‍ക്കെതിരെ കേസ്സെടുത്തു. സംഭവത്തില്‍ 26 ജയില്‍ ജീവനക്കാരെ മാറ്റി.സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായി.കോഴിക്കോട് കസബ പൊലീസാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ ഇപ്പോഴും ഫോണ്‍വിളികളി തെളിഞ്ഞെങ്കിലും ഫേസ്ബുക്ക് ഉപയോഗത്തിന്‍റെ ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫേസ്ബുക്ക് അധികൃതരോട് പ്രതികള്‍ ഉപയോഗിച്ച ഫേസ്ബുക്ക് അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ ചോദിച്ചെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല. എന്നാല്‍ ജയിലില്‍ കഴിയുകയായിരുന്നു പ്രതി മുഹമ്മദ് ഷാഫിയെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വിളിച്ചത് ശാസ്‌ത്രീയമായി തെളിയിക്കാനായി. തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ പരിശോധനയിലാണ് ഇത് തെളിഞ്ഞത്. ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട പികെ കുഞ്ഞനന്തനും കെസി രാമചന്ദ്രനും തടവില്‍ കഴിയുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇപ്പോള്‍ പ്രതി നിസാം ഫോണ്‍ വിളിച്ചെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
