36 വർഷങ്ങൾക്കു ശേഷം അധ്യാപകനായി ടി.പി. പീതാംബരൻ പള്ളുരുത്തി സക്കൂളിൽ ഇംഗ്ലീഷ് ക്ലാസ്സെടുത്തു അന്നത്തെ കുട്ടികൾ വീണ്ടും ക്ലാസ്സിലെത്തി നവതി ആഘോഷങ്ങളുടെ ഭാഗം

കൊച്ചി:മുപ്പത്തിയാറു വർഷങ്ങൾക്കു ശേഷം പള്ളുരുത്തി സ്കൂളിലെ പഴയ ഇംഗ്ലീഷ് അധ്യാപകൻ വീണ്ടും ക്ലാസ്സെടുക്കാനെത്തി. എൻസിപി മുൻ സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനാണ് വർഷങ്ങൾക്കു ശേഷം അധ്യാപകനായി പള്ളുരുത്തി എസ്.ഡി.പി.വൈ സ്ക്കൂളിലെത്തിയത്. നവതി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു വേറിട്ട ഈ പരിപാടി.

വർഷങ്ങൾക്കു ശേഷം കർക്കശക്കാരനായ പീതാംബരൻ മാഷ് വീണ്ടും ഇംഗ്ലീഷ് പഠിപ്പിക്കാൻ സൈക്കിളിൽ എത്തിയപ്പോൾ കുട്ടികളെല്ലാം സ്ക്കൂളിൽ റെഡിയായിരുന്നു. പണ്ട് മാഷിൻറെ കുട്ടികളായി പഠിച്ച് സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മുതിർന്നവരാണ് ഇന്നലത്തെ ക്ലാസ്സിലുണ്ടായിരുന്നത്. ബെല്ലടിച്ചപ്പോൾ എല്ലാവരും അസംബ്ലിയിലേക്ക്. അന്നത്തെ സഹപ്രവർത്തകരും ഒപ്പമെത്തി. 

ഈശ്വര പ്രാര്‍ത്ഥനക്ക് ശേഷം മാഷ് ഹാജരെടുത്തു. ക്ലാസ്സിലുള്ളവർ അനുസരണയോടെ പ്രസന്‍റ് പറഞ്ഞു. മുൻ സഹപ്രവർത്തകനും റിട്ടയേർഡ് ജഡ്ജിയുമായ കെ.സുകുമാരൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചി മേയർ സൗമിനി ജെയ്ൻ അശംസ നേർന്നു. തുടർന്ന് ക്ലാസ്സ് തുടങ്ങിയ ടി.പി പീതാംബരന്‍ ശിഷ്യരുടെ സംശയങ്ങളും തീര്‍ത്താണ് ക്ലാസ് അവസാനിപ്പിച്ചത്. നവതിയുടെ ഭാഗമായി ഒരു മാസം നീണ്ടു നി‌ൽക്കുന്ന പരിപാടികളാണ് ശിഷ്യന്മാർ സംഘടിപ്പിച്ചിരിക്കുന്നത്.